പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് കേരളം

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്ക്കാര് സുപ്രീം കോടതിയില്.
 | 
പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് കേരളം

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. നിയമ ഭേദഗതി വിവേചനപരവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നു. ഭരണഘടനയുടെ 132-ാം അനുച്ഛേദ പ്രകാരമുള്ള സ്യൂട്ട് ഹര്‍ജിയാണ് കേരളം ഫയല്‍ ചെയ്തിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം.

ഭരണഘടനയുടെ 14-ാം അനുച്ഛേദം വിഭാവനം ചെയ്യുന്ന തുല്യതയുടെ ലംഘനമാണ് പാര്‍ലമെന്റ് പാസാക്കിയ നിയമമെന്ന് ഹര്‍ജിയില്‍ പറയുന്നു. മുസ്ലീം വിഭാഗത്തോടുള്ള വിവേചനം നിയമത്തില്‍ പ്രകടമാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹര്‍ജികള്‍ ജനുവരി 23നാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഹര്‍ജി. 60 ഹര്‍ജികളാണ് വിഷയത്തില്‍ സുപ്രീം കോടതി പരിഗണിക്കുക.

സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് സുപ്രീം കോടതിയിലെ സംസ്ഥാനത്തിന്റെ സ്റ്റാന്‍ഡിങ് കൗണ്‍സല്‍ ജി. പ്രകാശ് മുഖേന ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞയാഴ്ച പോളിറ്റ് ബ്യൂറോ യോഗത്തിന് ഡല്‍ഹിയില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വിഷയം നിയമ വിദഗ്ദ്ധരുമായി ചര്‍ച്ച ചെയ്തിരുന്നു.