ജനസംഖ്യ, പൗരത്വ രജിസ്റ്ററുകള്‍ സംസ്ഥാനത്ത് നടപ്പിലാക്കില്ല; സെന്‍സസ് ഡയറക്ടറെ അറിയിക്കും

ജനുവരി 30ന് നിയമ സഭാ സമ്മേളനം തുടങ്ങാനും ഇന്ന് ചേര്ന്ന മന്ത്രിസഭാ യോഗത്തില് തീരുമാനമായിട്ടുണ്ട്.
 | 
ജനസംഖ്യ, പൗരത്വ രജിസ്റ്ററുകള്‍ സംസ്ഥാനത്ത് നടപ്പിലാക്കില്ല; സെന്‍സസ് ഡയറക്ടറെ അറിയിക്കും

തിരുവനന്തപുരം: ജനസംഖ്യ രജിസ്റ്ററും പൗരത്വ രജിസ്റ്ററും നടപ്പാക്കില്ലെന്ന് സംസ്ഥാനത്ത് നടപ്പിലാക്കില്ല. ഇക്കാര്യം സെന്‍സസ് ഡയറക്ടറെ അറിയിക്കും. പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. ജനസംഖ്യ രജിസ്റ്ററും പൗരത്വ രജിസ്റ്ററും നടപ്പാക്കില്ലെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു. ജനസംഖ്യ രജിസ്റ്ററും പൗരത്വ രജിസ്റ്ററും ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

ജനുവരി 30ന് നിയമ സഭാ സമ്മേളനം തുടങ്ങാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. നിയമസഭാ സമ്മേളനത്തിന്റെ തിയതി ഗവര്‍ണറുടെ അനുമതി ലഭിച്ചാല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം നടപ്പിലാക്കന്‍ ആവശ്യമായ തുടര്‍ നടപടികളുമായി മുന്നോട്ട് പോകാനും യോഗം തീരുമാനിച്ചിട്ടുണ്ട്. ജനസംഖ്യ രജിസ്റ്ററും പൗരത്വ രജിസ്റ്ററും നടപ്പാക്കില്ലെങ്കിലും സെന്‍സസ് നടപടികളുമായി മുന്നോട്ടുപോകും.

പൗരത്വ ബില്ലിനെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ കോടതിയെ സമീപിച്ച നടപടി ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ രംഗത്ത് വന്നിരുന്നു. ഗവര്‍ണറെ അറിയിക്കാതെ സുപ്രീം കോടതിയെ സമീപിച്ച നടപടി ചട്ടവിരുദ്ധമാണ്. വിഷയത്തില്‍ സര്‍ക്കാര്‍ ഉടന്‍ വിശദീകരണം നല്‍കണമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാരിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 30ന് നിയമസഭാ സമ്മേളനം ആരംഭിക്കാനുള്ള അനുമതി തേടി സര്‍ക്കാര്‍ ഉടന്‍ ഗവര്‍ണറെ സമീപിക്കും.