പൗരത്വ നിയമ ഭേദഗതി; സുപ്രീം കോടതിയെ സമീപിച്ചതിന് സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് ഗവര്‍ണര്‍

ഗവര്ണറെ അറിയിക്കാതെ പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് നേരത്തെ ഗവര്ണര് വ്യക്തമാക്കിയിരുന്നു.
 | 
പൗരത്വ നിയമ ഭേദഗതി; സുപ്രീം കോടതിയെ സമീപിച്ചതിന് സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് ഗവര്‍ണര്‍

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണറെ അറിയിക്കാതെ പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് നേരത്തെ ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ഔദ്യോഗിക വിശദീകരണം ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്തയച്ചിരിക്കുന്നത്. ചട്ടമനുസരിച്ച് ഇത്തരമൊരു നടപടിക്ക് മുന്‍പ് ഗവര്‍ണറെ കാര്യങ്ങള്‍ ധരിപ്പിക്കേണ്ടതുണ്ടെന്ന് ഗവര്‍ണര്‍ കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

സുപ്രീം കോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരുവിധ കാര്യങ്ങളും രാജ്ഭവനെ അറിയിച്ചിട്ടില്ല. എന്തുകൊണ്ടാണ് അങ്ങെനെയുണ്ടായത്. വിഷയത്തില്‍ ഉടന്‍ വിശദീകരണം നല്‍കേണ്ടതുണ്ടെന്നും ഗവര്‍ണര്‍ കത്തില്‍ വ്യക്തമാക്കി. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള വിഷയമാണെങ്കില്‍ അത് ഗവര്‍ണറെ അറിയിക്കണമെന്നാണ് ചട്ടമെന്നും കത്തില്‍ പറയുന്നു.

പൗരത്വ നിയമ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും വ്യത്യസ്ഥ അഭിപ്രായങ്ങളാണ് നേരത്തെ പങ്കുവെച്ചിരുന്നു. ഇക്കാര്യത്തില്‍ ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്ത് വന്നിരുന്നു. ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച അന്തരിച്ച സിപിഎം നേതാവ് ഇ.ബാലാനന്ദനെ അനുസ്മരിച്ചുള്ള ലേഖനത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിമര്‍ശനം.

”കേന്ദ്രസര്‍ക്കാരിന്റെ പ്രീതിക്കുവേണ്ടി സംസ്ഥാന ഗവര്‍ണര്‍ അനുചിതമായ അഭിപ്രായപ്രകടനങ്ങളും അനാവശ്യ ഇടപെടലുകളും നടത്തുന്നു. ജനങ്ങള്‍ തിരഞ്ഞെടുത്ത നിയമസഭയെയും സംസ്ഥാന സര്‍ക്കാരിനെയും അവഹേളിക്കാനുള്ള അധികാരസ്ഥാനമല്ല ഗവര്‍ണര്‍ പദവി. അത് ഇപ്പോഴത്തെ ഗവര്‍ണര്‍ മറക്കുകയാണ്. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും ഹിന്ദുത്വത്തിന് കീഴ്പ്പെടുത്താനുള്ള പ്രവണത അപകടകരമായി വളര്‍ന്നിരിക്കുകയാണ്. ഈ ഘട്ടത്തില്‍ അതിനെതിരായ ജനകീയ പ്രതിഷേധം വളര്‍ത്താന്‍ ഇ ബാലാനന്ദന്‍ സ്മരണ കരുത്ത് പകരും” – കോടിയേരി ബാലകൃഷ്ണന്‍ ലേഖനത്തില്‍ പറഞ്ഞു.