ഒന്നാം തിയതിയിലെ ഡ്രൈ ഡേയ്ക്ക് മാറ്റമില്ല, പബ്ബും ബ്രൂവറിയും ഇല്ല; കരട് മദ്യനയം അംഗീകരിച്ചു

സംസ്ഥാന സര്ക്കാരിന്റെ കരട് മദ്യനയം അംഗീകരിച്ച് മന്ത്രിസഭ.
 | 
ഒന്നാം തിയതിയിലെ ഡ്രൈ ഡേയ്ക്ക് മാറ്റമില്ല, പബ്ബും ബ്രൂവറിയും ഇല്ല; കരട് മദ്യനയം അംഗീകരിച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കരട് മദ്യനയം അംഗീകരിച്ച് മന്ത്രിസഭ. ഒന്നാം തിയതികളിലെ ഡ്രൈ ഡേ ഒഴിവാക്കുന്നതും പബ്ബുകളും ബ്രൂവറികളും സംസ്ഥാനത്ത് സ്ഥാപിക്കുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങളായിരുന്നു പരിഗണനയിലുണ്ടായിരുന്നത്. എന്നാല്‍ മുന്‍ വര്‍ഷത്തെ മദ്യനയത്തില്‍ നിന്ന് കാര്യമായ മാറ്റങ്ങളില്ലാത്ത കരട് മദ്യനയമാണ് ഇപ്പോള്‍ മന്ത്രിസഭായോഗം അംഗീകരിച്ചിരിക്കുന്നത്.

അതേസമയം അബ്കാരി ഫീസുകള്‍ കൂട്ടാനും മദ്യനയത്തില്‍ നിര്‍ദേശമുണ്ട്. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ മദ്യനയം നിലവില്‍ വരും. കള്ളുഷാപ്പുകള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ലേലം ചെയ്യാനാണ് നീക്കം. ഷാപ്പുകളുടെ ലൈസന്‍സ് പുതുക്കി നല്‍കുകയായിരുന്നു ഈ സര്‍ക്കാര്‍ ഇതുവരെ ചെയ്തിരുന്നത്. ടോഡി ബോര്‍ഡ് നിലവില്‍ വരുന്നത് വരെ ഷാപ്പ് ലേലം തുടരും.

ഡിസ്റ്റിലറികളുടെ ടൈ അപ്പ് ഫീസ് 28 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ട്. ബാര്‍ ലൈസന്‍സുള്ള ക്ലബ്ബുകളുടെ വാര്‍ഷിക ലൈസന്‍സ് ഫീ എടുത്ത് കളയാനും വ്യവസ്ഥയുണ്ട്. പബ്ബുകള്‍ തുടങ്ങുന്നതിന് മുഖ്യമന്ത്രി ഉള്‍പ്പെടെ അനുകൂല അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇതിനെതിരെ എതിര്‍പ്പ് ഉയര്‍ന്നിരുന്നു.