വിഴിഞ്ഞത്ത് നിന്ന് കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. വ്യാഴാഴ്ച ശക്തി പ്രാപിച്ച കനത്ത മഴയില് ലോവര് പെരിയാര് (പാംബ്ല), കല്ലാര്കുട്ടി, ഭൂതത്താന്കെട്ട്, മലങ്കര ഡാമുകളുടെ ഷട്ടര് തുറന്നിട്ടുണ്ട്.
 | 
വിഴിഞ്ഞത്ത് നിന്ന് കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. കഴിഞ്ഞ നാല് ദിവസമായി ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയായിരുന്നു. മത്സ്യത്തൊഴിലാളികളും കോസ്റ്റ്ഗാര്‍ഡും ഇവര്‍ക്കായി തെരച്ചില്‍ നടത്തിയിരുന്നു. ഉള്‍ക്കടലില്‍ കുടുങ്ങിയ നിലയിലായിരുന്നു മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ബോട്ട്. ഇവരെ ഉടന്‍ കരയ്‌ക്കെത്തിക്കും. കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്.

ശനിയാഴ്ച രാത്രി പതിനൊന്നര വരെ പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള കേരള തീരത്ത് 2.9 മുതല്‍ 3.3 മീറ്റര്‍വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന കേന്ദ്രം അറിയിച്ചിരുന്നു. സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. വ്യാഴാഴ്ച ശക്തി പ്രാപിച്ച കനത്ത മഴയില്‍ ലോവര്‍ പെരിയാര്‍ (പാംബ്ല), കല്ലാര്‍കുട്ടി, ഭൂതത്താന്‍കെട്ട്, മലങ്കര ഡാമുകളുടെ ഷട്ടര്‍ തുറന്നിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി ഡാമിന്റെ ഷട്ടറുകളും ഇന്നലെ തുറന്നിട്ടുണ്ട്. മുല്ലപ്പെരിയാര്‍, ഇടുക്കി ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നിട്ടില്ല. കേരളത്തില്‍ വൈകിയാണ് കാലവര്‍ഷം ശക്തിപ്രാപിക്കുന്നതെങ്കിലും ഇക്കുറി പതിവ് പോലെ തന്നെ മഴ ലഭ്യമാകുമെന്നാണ് സൂചന. സംസ്ഥാന കണ്‍ട്രോള്‍ റൂം നമ്പര്‍: 1070. ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍: എസ്ടിഡി കോഡിനു ശേഷം 1077 ചേര്‍ത്ത് ഡയല്‍ ചെയ്യുക.