കെവിന്റേത് ദുരഭിമാനക്കൊല; നീനുവിന്റെ സഹോദരനടക്കം 10 പേര്‍ കുറ്റക്കാര്‍, ചാക്കോ ജോണിനെ വെറുതെവിട്ടു

താഴ്ന്ന ജാതിയില്പ്പെട്ട കെവിനെ വിവാഹം ചെയ്യുന്നതിന് കുടുംബത്തിന് അപമാനമാകുമെന്ന ഷാനു ചാക്കോയുടെ വാട്സാപ്പ് സന്ദേശം പോലീസ് കോടതിയില് ഹാജരാക്കിയിരുന്നു.
 | 
കെവിന്റേത് ദുരഭിമാനക്കൊല; നീനുവിന്റെ സഹോദരനടക്കം 10 പേര്‍ കുറ്റക്കാര്‍, ചാക്കോ ജോണിനെ വെറുതെവിട്ടു

കോട്ടയം: കെവിന്‍ ജോസഫ് വധക്കേസില്‍ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ ഉള്‍പ്പെടെ 10 പേര്‍ കുറ്റക്കാര്‍. എന്നാല്‍ ഗൂഢാലോചനയില്‍ പങ്കുള്ളതായി പോലീസ് കണ്ടെത്തിയ നീനുവിന്റെ അച്ഛന്‍ ചാക്കോ ജോണ്‍ ഉള്‍പ്പെടെയുള്ള 4 പേരെ കോടതി വെറുതെ വിട്ടു. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്. കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കുള്ള ശിക്ഷ പിന്നീട് വിധിക്കും. കേസില്‍ ആകെ പതിനാല് പ്രതികളാണുള്ളത്.

ഇതില്‍ സാനു ചാക്കോ, നിയാസ് മോരന്‍, ഇഷാന്‍ ഇസ്മയില്‍, റിയാസ്, മനു, ഷിഫിന്‍, നിഷാദ്, ഫസില്‍, എന്നിവര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായി കോടതി കണ്ടെത്തി. നിയാസാണ് കെവിനെ തട്ടിക്കൊണ്ടുപോകാന്‍ ആസൂത്രണം നടത്തിയ ആള്‍. ദുരഭിമാനക്കൊലയാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാവും പ്രോസിക്യൂഷന്‍ ആവശ്യപ്പെടുക.

താഴ്ന്ന ജാതിയില്‍പ്പെട്ട കെവിനെ വിവാഹം ചെയ്യുന്നതിന് കുടുംബത്തിന് അപമാനമാകുമെന്ന ഷാനു ചാക്കോയുടെ വാട്‌സാപ്പ് സന്ദേശം പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. കേസിലെ ഏറ്റവും നിര്‍ണായക തെളിവുകളിലൊന്നാണിത്. ഇതുവഴി ദുരഭിമാനക്കൊലയാണ് കെവിന്റേതെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞു. 2019 ഏപ്രില്‍ 24നാണ് കേസിന്റെ വിചാരണ ആരംഭിക്കുന്നത്. 2019 ജൂലൈ 30നോടെ വിചാരണ പൂര്‍ത്തിയാക്കുകയും ചെയ്തു. കേസില്‍ 113 സാക്ഷികളെ വിസ്തരിക്കുകയും 200ലേറെ രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു.