ഭരണകൂടത്തിന് വേണ്ടപ്പെട്ടവര്‍ കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടണം എന്നില്ല; പെഹ്ലു ഖാന്റെ കൊലയാളികളെ വെറുതെവിട്ട സംഭവത്തില്‍ കെ.ജെ.ജേക്കബ് എഴുതുന്നു

ഭരണകൂടത്തിന് വേണ്ടപ്പെട്ടവര് കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടണം എന്നില്ലെന്ന് മാധ്യമപ്രവര്ത്തകന് കെ.ജെ.ജേക്കബ് എഴുതുന്നു.
 | 
ഭരണകൂടത്തിന് വേണ്ടപ്പെട്ടവര്‍ കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടണം എന്നില്ല; പെഹ്ലു ഖാന്റെ കൊലയാളികളെ വെറുതെവിട്ട സംഭവത്തില്‍ കെ.ജെ.ജേക്കബ് എഴുതുന്നു

രാജസ്ഥാനില്‍ പെഹ്ലു ഖാനെ തല്ലിക്കൊന്ന പശു തീവ്രവാദികളെ കോടതി വെറുതെ വിട്ടത് തെളിവുകളുടെ അഭാവത്തിലാണ്. സംശയത്തിന്റെ ആനുകൂല്യത്തിലാണ് നടപടി. പെഹ്ലു ഖാനെ കൊലപ്പെടുത്തിയതാണെന്ന കാര്യത്തിലും കോടതിക്ക് സംശയമില്ല. പ്രതികള്‍ നിരപരാധികളാണോ എന്ന കാര്യത്തില്‍ വിശ്വാസവുമില്ല. അപ്പോള്‍ അന്വേഷണ ഘട്ടത്തില്‍ സംഭവിച്ചത് എന്താണ്? ഭരണകൂടത്തിന് വേണ്ടപ്പെട്ടവര്‍ കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടണം എന്നില്ലെന്ന് മാധ്യമപ്രവര്‍ത്തകന്‍ കെ.ജെ.ജേക്കബ് എഴുതുന്നു.

അവര്‍ക്ക് ക്രിമിനല്‍ പ്രൊസീഡിയര്‍ കോഡ് ബാധകമാകണമെന്നില്ല. അവര്‍ക്കുവേണ്ടി വാദിക്കാന്‍ അധികാരം കൈയാളുന്നവര്‍ പരസ്യമായി രംഗത്തുവരും. പരിഹാസ്യമായ കുറ്റാന്വേഷണവും കണ്ടെത്തലുകളും വൈരുധ്യങ്ങള്‍ നിറഞ്ഞ പരിശോധനാഫലങ്ങളും ഇരകളുടെയും കോടതിയുടെയും മുഖത്തെക്ക് വലിച്ചെറിഞ്ഞ് നിയമത്തിന്റെ മുന്നിലൂടെ യോഗ്യന്മാരായി അവര്‍ നടന്നുപോകും. നമ്മള്‍ നിസ്സഹായരായി നോക്കിനില്‍ക്കും. ഒരുവേള കോടതിയും എന്ന് ജേക്കബ് എഴുതുന്നു.

ഫെയിസ്ബുക്ക് പോസ്റ്റ് വായിക്കാം

പറയുന്നത് അൽപ്പം ക്രൂഡാണ്. പക്ഷെ പറയാതിരിക്കാൻ വയ്യ.

മക്കളുടെയും കൂട്ടുകാരുടെയും മുന്പിലിട്ടാണ് പെഹ്ലു ഖാനെ പശുസംരക്ഷകർ അടിച്ചുകൊന്നത്. പക്ഷെ ഇന്നിപ്പോൾ അവർ സ്വതന്ത്രരാണ്. പെഹ്ലു ഖാനെ ആരും കൊന്നില്ല എന്നോ പ്രതികൾ നിരപരാധികളാണ് എന്നോ ആൽവാറിലെ കോടതിയ്ക്കും വിശ്വാസമില്ല. നിരപരാധികളാണെന്ന് കണ്ടല്ല അവരെ വിട്ടയച്ചത്. പക്ഷെ ശിക്ഷിക്കാൻ തെളിവുകളില്ല. അവർ സംശയത്തിന്റെ ആനുകൂല്യമുള്ളവരാണ്.

എവിടെപ്പോയി തെളിവുകൾ? എന്താണ് അന്വേഷണത്തിൽ സംഭവിച്ചത്?

1: വിഡിയോ ഫൂട്ടേജ്: തെരുവിലിട്ട് മർദ്ദിക്കുന്നതിന്റെ വിഡിയോ.എനിക്കും നിങ്ങൾക്കും അറിയാം ആര് ആരെയാണ് തല്ലുന്നതെന്ന്. പക്ഷെ കോടതിയിൽ അതുപോര; അത് ഫോറൻസിക് ലാബറട്ടറി സർട്ടിഫൈ ചെയ്യണം. ചെയ്തില്ല. വിഡിയോ റെക്കോർഡ് ചെയ്ത ആൾ സാക്ഷി പറയണം; പറഞ്ഞില്ല.

2: മരണകാരണം: ഹൃദയസ്തംഭനാം മൂലമെന്ന് ചികില്സിച്ച ആശുപത്രി; പരുക്കുകൾകൊണ്ടെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്;.

3. പ്രതികൾ: പെഹ്ലു ഖാന്റെ മരണ മൊഴി പ്രകാരം ആദ്യം ആറുപേരെ പ്രതി ചേർത്തു. പക്ഷെ പിന്നെ മൊബൈൽ ഫോൺ റെക്കോർഡുകൾ പരിശോധിച്ചപ്പോൾ അവർ സ്ഥലത്തില്ലായിരുന്നു എന്ന് കണ്ടു. പിന്നീടാണ് ഇന്ന് വിട്ടയക്കപ്പെട്ടവരെ പ്രതി ചേർത്തത്.

4: സാക്ഷിമൊഴി: തിരിച്ചറിയൽ പരേഡ് സമയത്തു നടത്തിയില്ല. മക്കൾക്ക് കോടതിയിൽ പ്രതികളെ തിരിച്ചറിയാൻ പറ്റിയില്ല.

5: ചാർജ് ഷീറ്റ്: പെഹ്ലു ഖാന്റെ മക്കളുടെ വക്കീൽ പറയുന്നതനുസരിച്ചാണെങ്കിൽ പോലീസ് ചാർജ്ഷീറ്റും ക്രൈം ബ്രാഞ്ച് ചാർജ്ഷീറ്റും പരസ്പര വിരുദ്ധമാണ്.

സമൂഹത്തിനു കുറ്റവാളികളെക്കുറിച്ച് എത്രബോധ്യമുണ്ടായാലും നീതിന്യായക്കോടതിയ്ക്കു സമൂഹത്തിന്റെ ആവശ്യത്തിനനുസരിച്ച് വിധിപറയാനാകില്ല. സംശയത്തിന്റെ ആനുകൂല്യം പ്രതിയ്ക്കാണ്; അയാൾ അപരാധിയാണ് എന്ന് നിസംശയം തെളിയിക്കാനുള്ള ബാധ്യത സ്റ്റെയിറ്റിനാണ്.

അപ്പോൾ പ്രതി/കൾ/ക്ക് സ്റ്റെയ്റ്റിൽ പിടിപാടുണ്ടെങ്കിൽ, അല്ലെങ്കിൽ സ്റ്റെയ്റ്റിന് പ്രതികളിൽ താല്പര്യമുണ്ടെങ്കിൽ, ഫോറൻസിക് ലാബിൽ വിഡിയോ സർട്ടിഫൈ ചെയ്യണമെന്നില്ല, രേഖകൾ വേണ്ടവിധത്തിൽ കാര്യങ്ങൾ പറയണമെന്നില്ല, തിരിച്ചറിയൽ പരേഡ് നടക്കേണ്ടപ്പോൾ നടക്കണമെന്നില്ല; രക്തപരിശോധന സമയത്തു നടത്തണമെന്നില്ല. സാക്ഷി പറയേണ്ടവർ കോടതി മുറിയിൽ എത്തണമെന്നില്ല.

കോടതിയ്ക്ക് ഒന്നും ചെയ്യാനാകില്ല; സംശയത്തിന്റെ ആനുകൂല്യം പ്രതിയ്ക്ക് അവകാശപ്പെട്ടതാണ്

***

സാവധാനം ആലോചിച്ചാൽ ഒരു കാര്യം പകൽപോലെ നമ്മുടെ മുൻപിൽ തെളിഞ്ഞുവരും: ഭരണകൂടത്തിന് വേണ്ടപ്പെട്ടവർ കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടണം എന്നില്ല. അവർക്കു ക്രിമിനൽ പ്രൊസീഡിയർ കോഡ് ബാധകം ആകണമെന്നില്ല. അവർക്കുവേണ്ടി വാദിക്കാൻ അധികാരം കൈയാളുന്നവർ പരസ്യമായി രംഗത്തുവരും :

പരിഹാസ്യമായ കുറ്റാന്വേഷണവും കണ്ടെത്തലുകളും വൈരുധ്യങ്ങൾ നിറഞ്ഞ പരിശോധനാഫലങ്ങളും ഇരകളുടെയും കോടതിയുടെയും മുഖത്തെക്ക് വലിച്ചെറിഞ്ഞു നിയമത്തിന്റെ മുന്നിലൂടെ യോഗ്യന്മാരായി അവർ നടന്നുപോകും; നമ്മൾ നിസ്സഹായരായി നോക്കിനിൽക്കും. ഒരുവേള കോടതിയും.

പാറ്റേൺ മനസിലായില്ലേ?

ഇത് നടന്നത് അങ്ങ് രാജസ്ഥാനിലാണ് എന്നത് നമുക്ക് ആശ്വസിക്കാൻ കാരണമല്ല. ഇതിന്റെ ലക്ഷണങ്ങൾ നമ്മുടെ നാട്ടിൽ നമ്മുടെ കണ്മുൻപിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. പെഹ്ലു ഖാൻ കൊല്ലപ്പെട്ടതിനുശേഷവും പശുക്കടത്തിൽ പ്രതിയായി; ഐ എ എസ്സുകാരൻ ഓടിച്ച വാഹനമിടിച്ച് മരിച്ച കെ എം ബഷീറിന് അതുവന്നില്ല എന്നുമാത്രം.

ശരിയാണ്, ആൾക്കൂട്ടക്കൊലയും അപകടമരണവും തമ്മിൽ താരതമ്യമില്ല; നീതിയുടെമുൻപിലും നിയമത്തിന്റെ മുൻപിലും. എനിക്കങ്ങിനെയൊരു വാദവുമില്ല. നിയമത്തിന്റെ എല്ലാ ആനുകൂല്യങ്ങൾക്കും പ്രതികൾക്ക് അവകാശമുണ്ടെന്ന കാര്യത്തിൽ എനിക്ക് തർക്കമില്ല. ഒരു നിരപരാധിയും ശിക്ഷിക്കപ്പെട്ടുകൂടാ എന്നതിൽ ഇളവില്ല.

പക്ഷെ,

അവിടെ ആൽവാറിലെ കോടതിയുടെ അവസാന വിധിയിൽ പ്രതികൾക്ക് സംശയത്തിന്റെ ആനുകൂല്യം കിട്ടുന്നു; ഇവിടെ തുടക്കത്തിൽത്തന്നെ കോടതി ദീർഘനിശ്വാസം വിടുന്നു: പ്രതി സ്വയം തെളിവ് കൊണ്ട് തരുമെന്ന് നിങ്ങൾ കരുതിയോ എന്ന ചോദ്യം. അതിത്തിരി ഉറക്കെയായിരുന്നു എന്ന് മാത്രം.

അതുകൊണ്ട്, വലിയ മനുഷ്യർക്കെതിരെ പൗരന് നീതിയെത്തിച്ചുകൊടുക്കാനുള്ള നമ്മുടെ സംവിധാനത്തിന്റെയും, അതിനെ നിയന്ത്രിക്കുന്നവരുടെയും കഴിവിനെക്കുറിച്ച് എനിക്കുറപ്പില്ല. നീതിപീഠങ്ങളുടെ നിസ്സഹായാവസ്ഥയിൽ ഒടുങ്ങിപ്പോകുന്ന പൗരാവകാശങ്ങൾക്കു കൂട്ടിരിക്കാൻ ഇവിടാളുണ്ടെന്ന വിശ്വാസം എനിക്കിപ്പോഴില്ല. കൊടുംശിക്ഷയല്ല, നിയമത്തിന്റെ പ്രാഥമിക നടപടികൾക്കെങ്കിലും അവരെ വിധേയമാക്കാൻ, അവരിൽ നിന്നൊരു ക്ഷമാപണമെങ്കിലും വാങ്ങിയെടുക്കാൻ നമുക്കാവുമെന്ന തോന്നൽ ഇനിയുമില്ല.

ആൾവാർ ഒത്തിരി ദൂരത്തല്ല.
ക്ഷമിക്കണം, പറയാതിരിക്കാൻ വയ്യ.

 

പറയുന്നത് അൽപ്പം ക്രൂഡാണ്. പക്ഷെ പറയാതിരിക്കാൻ വയ്യ.മക്കളുടെയും കൂട്ടുകാരുടെയും മുന്പിലിട്ടാണ് പെഹ്ലു ഖാനെ പശുസംരക്ഷകർ…

Posted by KJ Jacob on Wednesday, August 14, 2019