ബിജു രമേശ് പുറത്ത് വിട്ടത് വ്യാജ ശബ്ദരേഖ: തിരിച്ചടിച്ച് മാണി

ബാർ കോഴ ആരോപണത്തിൽ ബിജു രമേശ് പുറത്ത് വിട്ടത് വ്യാജ ശബ്ദരേഖയാണെന്ന് മന്ത്രി കെ.എം മാണി. പത്തു ലക്ഷം രൂപയിൽ തുടങ്ങിയ ആരോപണം ഒടുവിൽ 30 കോടിയിലെത്തി. അഴിമതിക്കാരനെന്ന് ആരെങ്കിലും വിളിച്ചാൽ അഴിമതിക്കാരനാകുമോയെന്ന് മാണി ചോദിച്ചു.
 | 

ബിജു രമേശ് പുറത്ത് വിട്ടത് വ്യാജ ശബ്ദരേഖ: തിരിച്ചടിച്ച് മാണി
തിരുവനന്തപുരം: 
ബാർ കോഴ ആരോപണത്തിൽ ബിജു രമേശ് പുറത്ത് വിട്ടത് വ്യാജ ശബ്ദരേഖയാണെന്ന് മന്ത്രി കെ.എം മാണി. പത്തു ലക്ഷം രൂപയിൽ തുടങ്ങിയ ആരോപണം ഒടുവിൽ 30 കോടിയിലെത്തി. അഴിമതിക്കാരനെന്ന് ആരെങ്കിലും വിളിച്ചാൽ അഴിമതിക്കാരനാകുമോയെന്ന് മാണി ചോദിച്ചു.

ബാറുകൾ പൂട്ടാനുള്ള തീരുമാനം യു.ഡി.എഫിന്റേതാണ്. അതും തന്റെ വകുപ്പുമായി ബന്ധമില്ല. മദ്യനിരോധനത്തിന് പിന്നിൽ താനാണെന്ന് പറഞ്ഞ് കൊണ്ട് വ്യക്തിവൈരാഗ്യം തീർക്കുകയാണ്. കഴിഞ്ഞ വർഷം മാർച്ചിലാണ് മദ്യനയത്തിന് അംഗീകാരം നൽകിയത്. അതിനുശേഷം എട്ടു മാസത്തിനു ശേഷമാണ് ബിജു രമേശ് ആരോപണവുമായി രംഗത്ത് വരുന്നത്. യാതൊരു തെളിവുമില്ലാത്ത കാര്യത്തിൽ മൂന്ന് മാസമായി തന്നെ വേട്ടയാടുന്നുവെന്നും മാണി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തന്റെ 50 വർഷത്തെ രാഷ്ട്രീയ ജീവിതം തുറന്ന പുസ്തകമാണെന്നും ജനങ്ങൾക്ക് തന്നെ അറിയാമെന്നും അദ്ദേഹം പറഞ്ഞു.

പരസ്പര വിരുദ്ധമായ കഥകളാണ് തനിക്കെതിരെ പ്രചരിക്കുന്നത്. മാധ്യമങ്ങൾ ഇങ്ങനെയുള്ള കഥകളെ പ്രോത്സാഹിപ്പിക്കരുത്. പ്രതിപക്ഷം തങ്ങളുടെ ധർമ്മം മറന്നു പോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇത്തവണത്തെ ബജറ്റ് താൻ തന്നെ അവതരിപ്പിക്കുമെന്നും മാണി പറഞ്ഞു. ബജറ്റിന്റെ പണിപ്പുരയിലാണ് താൻ. യു.ഡി.എഫ് മന്ത്രിസഭയിലെ അംഗമായ തന്റെ പതിമൂന്നാമത്തെ ബജറ്റാണിതെന്നും ആ മുന്നണിയാണ് തന്റെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു.