അഖിലിനെ കുത്താനുള്ള കത്തി വാങ്ങിയത് ഓണ്‍ലൈനില്‍; വധശ്രമം ആസൂത്രിതം

യൂണിവേഴ്സിറ്റി കോളേജില് നടന്ന വധശ്രമം ആസൂത്രിതമെന്ന് വ്യക്തമാക്കി പ്രതികളുടെ വെളിപ്പെടുത്തല്.
 | 
അഖിലിനെ കുത്താനുള്ള കത്തി വാങ്ങിയത് ഓണ്‍ലൈനില്‍; വധശ്രമം ആസൂത്രിതം

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന വധശ്രമം ആസൂത്രിതമെന്ന് വ്യക്തമാക്കി പ്രതികളുടെ വെളിപ്പെടുത്തല്‍. അഖിലിനെ കുത്താന്‍ ഉപയോഗിച്ച കത്തി വാങ്ങിയത് ഓണ്‍ലൈനിലാണെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. യൂണിയന്‍ ഓഫീസില്‍ ഈ കത്തി ഒരാഴ്ചയോളം സൂക്ഷിച്ചിരുന്നുവെന്നും കുത്തിപ്പരിക്കേല്‍പ്പിക്കാന്‍ ലക്ഷ്യമിട്ടാണ് കത്തി വാങ്ങിയതെന്നും ഒന്നാം പ്രതി ശിവരഞ്ജിത്തും രണ്ടാം പ്രതി നസീമും പറഞ്ഞു.

ക്യാംപസില്‍ ഇന്ന് നടത്തിയ തെളിവെടുപ്പിലാണ് കത്തി കിട്ടിയത്. അഖിലിന് കുത്തറ്റ സ്ഥലത്തിന് സമീപം ചവറ്കൂനയില്‍ ഒളിപ്പിച്ചിരുന്ന കത്തി ശിവരഞ്ജിത്ത് തന്നെ പോലീസിന് എടുത്ത് നല്‍കുകയായിരുന്നു. ഇരുമ്പ് പൈപ്പും വടിയും ക്യാംപസില്‍ നിന്ന് കണ്ടെടുത്തു. നിരവധി തവണ ചോദ്യം ചെയ്ത ശേഷമാണ് കത്തിയൊളിപ്പിച്ച സ്ഥലം പ്രതികള്‍ കാണിച്ചതെന്ന് പോലീസ് അറിയിച്ചു. കേസിലെ ഏറ്റവും നിര്‍ണ്ണായകമായ തെളിവാണ് കണ്ടെത്തിയിരിക്കുന്നത്.

കേസില്‍ ഇതുവരെ ആറ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 26 പ്രതികളില്‍ 16 പേരെ മാത്രമേ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടുള്ളു. രണ്ടാം പ്രതിയായ നസീം തന്നെ പിടിച്ചു നിര്‍ത്തിയെന്നും ശിവരഞ്ജിത്ത് കുത്തിയെന്നുമാണ് പരിക്കേറ്റ അഖില്‍ നല്‍കിയിരിക്കുന്ന മൊഴി. പിടിയിലാകാനുള്ള പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.