കൊച്ചി കോര്‍പറേഷനും രംഗത്തിറങ്ങുന്നു; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കും

ഒടുവില് കൊച്ചി കോര്പറേഷനും ദുരിതാശ്വാസ പ്രവര്ത്തനത്തിന് രംഗത്തിറങ്ങുന്നു.
 | 
കൊച്ചി കോര്‍പറേഷനും രംഗത്തിറങ്ങുന്നു; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കും

കൊച്ചി: ഒടുവില്‍ കൊച്ചി കോര്‍പറേഷനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് രംഗത്തിറങ്ങുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിക്കൊണ്ട് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടും. 50 ലക്ഷം രൂപ നിധിയിലേക്ക് നല്‍കുമെന്ന് മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു. മറ്റു കാര്യങ്ങള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും മേയര്‍ വ്യക്തമാക്കി. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൊച്ചി കോര്‍പറേഷന്‍ തയ്യാറാകുന്നില്ലെന്ന് ആക്ഷേപങ്ങള്‍ ശക്തമായതോടെയാണ് നടപടി.

തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്തിന്റെ നേതൃത്വത്തില്‍ 68 ലോഡ് ദുരിതാശ്വാസ സാമഗ്രികളാണ് ഇതുവരെ പ്രളയ ദുരിതത്തിലായ ജില്ലകളിലേക്ക് അയച്ചിരിക്കുന്നത്. കൊല്ലം കോര്‍പറേഷനും ദുരിതാശ്വാസ സാമഗ്രികള്‍ അയച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള കോര്‍പറേഷനായ കൊച്ചിയില്‍ നിന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവനകളൊന്നും നല്‍കിയില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പരാതികള്‍ ഉയര്‍ന്നു.

കൊച്ചി മേയറെ അഭിസംബോധന ചെയ്തുകൊണ്ട് ബീന സണ്ണി ഫെയിസ്ബുക്കില്‍ എഴുതിയ തുറന്ന കത്ത് വൈറലാകുകയും ചെയ്തു. ആക്ഷേപങ്ങള്‍ ശക്തമായതോടെയാണ് കൊച്ചി മേയര്‍ സഹായ വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്തായാലും ഇനി കൊച്ചി മേയറുടെ ഊഴം എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.