‘കൊതുകിനെ കൊല്ലാന്‍ തോക്കെടുക്കേണ്ട ആവശ്യമില്ല’; സി ഒ ടി നസീറിന് വെട്ടേറ്റ സംഭവത്തില്‍ പ്രതികരിച്ച് കോടിയേരി

മുന് സിപിഎം കൗണ്സിലറും വടകര പാര്ലമെന്റ് മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്ത്ഥിയുമായ സി ഒ ടി നസീറിന് വെട്ടേറ്റ സംഭവത്തില് പ്രതികരണവുമായി കോടിയേരി
 | 
‘കൊതുകിനെ കൊല്ലാന്‍ തോക്കെടുക്കേണ്ട ആവശ്യമില്ല’; സി ഒ ടി നസീറിന് വെട്ടേറ്റ സംഭവത്തില്‍ പ്രതികരിച്ച് കോടിയേരി

കോഴിക്കോട്: മുന്‍ സിപിഎം കൗണ്‍സിലറും വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ സി ഒ ടി നസീറിന് വെട്ടേറ്റ സംഭവത്തില്‍ പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണന്‍. നസീറിനെ ആക്രമിക്കേണ്ട കാര്യം സിപിഎമ്മിന് ഇല്ലെന്ന് കോടിയേരി പറഞ്ഞു. ‘അക്രമപാതയില്‍ നിന്ന് പൂര്‍ണ്ണമായും പിന്തിരിയണമെന്നതാണ് പാര്‍ട്ടി നിലപാട്. സിപിഎം ശത്രുപക്ഷത്ത് നിര്‍ത്താന്‍ അയാള്‍ ആരാണെന്നും കൊതുകിനെ കൊല്ലാന്‍ തോക്കെടുക്കേണ്ട ആവശ്യം തങ്ങള്‍ക്കില്ലെന്നും കോടിയേരി പറഞ്ഞു.

സംഭവത്തെക്കുറിച്ച് പാര്‍ട്ടി പരിശോധന നടത്തുമെന്നും കോടിയേരി പ്രതികരിച്ചു. ശനിയാഴ്ച രാത്രിയാണ് നസീറിന് വെട്ടേറ്റത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോല്‍ പിന്തുടര്‍ന്ന് എത്തിയ മൂന്നംഗ സംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ നസീറിനെ കോഴിക്കോട് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലശ്ശേരിയില്‍ വെച്ചാണ് നസീറിന് വെട്ടേറ്റത്.

സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റിയംഗവും മുനിസിപ്പല്‍ കൗണ്‍സിലറുമായിരുന്ന നസീര്‍ വിദേശത്തു പോകാനുള്‍പ്പെടെ യാതൊരു സഹായവും പാര്‍ട്ടിയില്‍ നിന്ന് ലഭിച്ചില്ലെന്ന വിഷയത്തിലാണ് പാര്‍ട്ടി വിട്ടത്. കണ്ണൂരില്‍ ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലും ഇയാള്‍ പ്രതിയായിരുന്നു.