ക്വാറന്റീന്‍ ലംഘിച്ച് സബ്കളക്ടര്‍ മുങ്ങിയ സംഭവം; ഗണ്‍മാനും സസ്‌പെന്‍ഷന്‍

കൊറോണ ക്വാറന്റീന് ലംഘിച്ച് കൊല്ലം സബ്കളക്ടര് ഉത്തര്പ്രദേശിലേക്ക് മുങ്ങിയ സംഭവത്തില് ഗണ്മാനും സസ്പെന്ഷന്
 | 
ക്വാറന്റീന്‍ ലംഘിച്ച് സബ്കളക്ടര്‍ മുങ്ങിയ സംഭവം; ഗണ്‍മാനും സസ്‌പെന്‍ഷന്‍

കൊല്ലം: കൊറോണ ക്വാറന്റീന്‍ ലംഘിച്ച് കൊല്ലം സബ്കളക്ടര്‍ ഉത്തര്‍പ്രദേശിലേക്ക് മുങ്ങിയ സംഭവത്തില്‍ ഗണ്‍മാനും സസ്‌പെന്‍ഷന്‍. നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദേശം പാലിച്ചില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് സിവില്‍ പോലീസ് ഓഫീസറായ സുജിത്തിന് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ടി.നാരായണന്‍ സസ്‌പെന്‍ഡ് ചെയ്തത്. ഗണ്‍മാനെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണത്തിന് ചാത്തന്നൂര്‍ എസിപിക്ക് ചുമതല നല്‍കി.

ക്വാറന്റീന്‍ ലംഘിച്ച് മുങ്ങിയ സബ്കളക്ടര്‍ അനുപം മിശ്രക്കെതിരെ കേസെടുക്കുകയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. സബ്കളക്ടര്‍ നടത്തിയത് ഗുരുതര അച്ചടക്ക ലംഘനമാണെന്ന് കളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അനുപം മിശ്രയെ സസ്‌പെന്‍ഡ് ചെയ്തത്.

വീട്ടില്‍ നിരീക്ഷണത്തില്‍ ഇരിക്കണമെന്ന് പറഞ്ഞപ്പോള്‍ സ്വന്തം വീട്ടില്‍ പോകാന്‍ പറഞ്ഞതാണെന്ന് കരുതിയാണ് ഉത്തര്‍പ്രദേശിലേക്ക് പോയതെന്നായിരുന്നു അനുപം മിശ്ര നല്‍കിയ വിശദീകരണം. സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍ ഹണിമൂണ്‍ യാത്രയ്ക്ക് ശേഷം തിരികെയെത്തിയ അനുപം മിശ്രയോട് മാര്‍ച്ച് 19 മുതല്‍ ഔദ്യോഗിക വസതിയില്‍ ക്വാറന്റീനില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

ഇതിനിടെ ആരോഗ്യ പ്രവര്‍ത്തകര്‍ അന്വേഷിച്ചെത്തിയപ്പോള്‍ മിശ്രയെ കാണാനില്ലായിരുന്നു. തനിക്ക് ഒന്നും അറിയില്ലെന്നാണ് ഗണ്‍മാന്‍ സുജിത്ത് പറഞ്ഞത്. ഇതേത്തുടര്‍ന്ന് അനുപം മിശ്രയെ കളക്ടര്‍ വിളിച്ചപ്പോള്‍ ബംഗളൂരുവില്‍ ഉണ്ടെന്ന് മറുപടി നല്‍കി. എന്നാല്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ഉത്തര്‍പ്രദേശിലായിരുന്നു.