കൂടത്തായി കൊലപാതക പരമ്പര; തെളിവുകള്‍ ശക്തമാക്കാന്‍ ഡി.എന്‍.എ പരിശോധന അമേരിക്കയിലേക്ക്

ഇന്ത്യയില് ഈ പരിശോധന നടത്തുന്നത് ഫലപ്രദമാണോയെന്ന് അന്വേഷിച്ച ശേഷമായിരിക്കും അമേരിക്കയിലേക്ക് അയക്കുന്ന കാര്യത്തില് അന്തിമ തീരുമാനമെടുക്കുക.
 | 
കൂടത്തായി കൊലപാതക പരമ്പര; തെളിവുകള്‍ ശക്തമാക്കാന്‍ ഡി.എന്‍.എ പരിശോധന അമേരിക്കയിലേക്ക്

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ശക്തമായ തെളിവുകള്‍ സമാഹരിക്കാന്‍ ക്രൈംബ്രാഞ്ച് ശ്രമങ്ങള്‍ ആരംഭിച്ചു. നിരവധി വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊല്ലപ്പെട്ടവരുടെ ശരീരാവശിഷ്ട്ങ്ങള്‍ അമേരിക്കയിലേക്ക് അയച്ച് വിദഗദ്ധ പരിശോധന നടത്താനാണ് അന്വേഷണസംഘം തയ്യാറാടെക്കുന്നത്. മൈറ്റോ കോണ്‍ട്രിയ ഡി.എന്‍.എ അനാലിസിസ് പരിശോധനയാണ് നടത്തുക. ഇന്ത്യയില്‍ ഈ പരിശോധന നടത്തുന്നത് ഫലപ്രദമാണോയെന്ന് അന്വേഷിച്ച ശേഷമായിരിക്കും അമേരിക്കയിലേക്ക് അയക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

മികച്ച രീതിയില്‍ അന്വേഷണം മുന്നോട്ട് പോവുകയാണെന്നും പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ സമാഹരിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസെന്നും ഡിജിപി ലോകനാഥ് ബെഹ്‌റ നേരത്തെ വ്യക്തമാക്കിയിരുന്നു. അമേരിക്കയിലെ പരിശോധന പൂര്‍ത്തിയായാല്‍ ജോലി കൊലപ്പെടുത്തിയെന്ന് കരുതുന്ന റോയി ഒഴികെയുള്ള അഞ്ച് പേരുടെയും മരണ കാരണം വ്യക്തമാവും. ഇത് തെളിവുകള്‍ക്ക് ശക്തിപകരുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണം. വര്‍ഷങ്ങളുടെ പഴക്കമുള്ള മൃതദേഹങ്ങളില്‍ സയനൈഡിന്റെ അംശം കണ്ടെത്തുക പ്രയാസമായതിനാല്‍ പരിശോധന അമേരിക്കയില്‍ നടത്താന്‍ തന്നെയാകും പോലീസ് ശ്രമിക്കുക.

മരണത്തിന്റെ കാലവും സമയവും വ്യത്യസ്തമായതിനാല്‍ വ്യത്യസ്തമായ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയാണ് നല്ലതെന്നും കൂടത്തായ് കൊലപാതക കേസ് തെളിയിക്കുകയെന്നത് വലിയൊരു വെല്ലുവിളിയായി മാറിയിരിക്കുന്നുവെന്നും ലോക്‌നാഥ് ബെഹ്‌റ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. മരിച്ച റോയിയുടെ സഹോദരനും പരാതിക്കാരനുമായ റോജോയുടെ മൊഴിയെടുക്കുന്നതിനായി അമേരിക്കയില്‍ നിന്ന് വിളിച്ചു വരുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.