കൂടത്തില്‍ തറവാട്ടിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥനെ ക്രൈംബ്രാഞ്ച് പ്രതിചേര്‍ക്കും

തിരുവനന്തപുരം കരമന കൂടത്തില് തറവാട്ടിലെ ദുരൂഹ മരണങ്ങളില് കാര്യസ്ഥനെ പ്രതിചേര്ക്കും.
 | 
കൂടത്തില്‍ തറവാട്ടിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥനെ ക്രൈംബ്രാഞ്ച് പ്രതിചേര്‍ക്കും

തിരുവനന്തപുരം: തിരുവനന്തപുരം കരമന കൂടത്തില്‍ തറവാട്ടിലെ ദുരൂഹ മരണങ്ങളില്‍ കാര്യസ്ഥനെ പ്രതിചേര്‍ക്കും. ജില്ലാ ക്രൈംബ്രാഞ്ച് ആണ് കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരെ പ്രതിചേര്‍ത്ത് കുറ്റപത്രം നല്‍കുമെന്ന് വ്യക്തമാക്കിയത്. സ്വത്ത് കൈമാറ്റത്തിനായി തയ്യാറാക്കിയ വില്‍പത്രം ഉള്‍പ്പെടെ വ്യാജമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

15 കോടിയുടെ സ്വത്ത് വ്യാജ വില്‍പത്രത്തിലൂടെ ഇയാള്‍ കൈക്കലാക്കിയത്. തറവാട്ടിലെ മരണങ്ങളില്‍ ദുരൂഹതയല്ലെന്നും ഇഷ്ടപ്രകാരമാണ് സ്വത്തുക്കള്‍ എഴുതി തന്നതെന്നും രവീന്ദ്രന്‍ നായര്‍ നേരത്തേ പറഞ്ഞിരുന്നു. കൂടത്തില്‍ തറവാട്ടിലെ 7 പേരുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധു നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. കൂടത്തായ് പരമ്പര കൊലപാതകത്തിലെ അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് കൂടത്തിലിലും ദുരൂഹത ആരോപിച്ച് കഴിഞ്ഞ വര്‍ഷം പരാതി ഉയര്‍ന്നത്.

കരമന സ്വദേശി ജയന്‍ മാധവന്റെ കുടുംബത്തില്‍ സംഭവിച്ച 7 മരണങ്ങള്‍ ദുരൂഹമാണെന്നായിരുന്നു പരാതി. 1991 മുതല്‍ 2017 വരെയുള്ള കാലയളവിലാണ് മരണങ്ങളുണ്ടായത്. ഗാപിനാഥന്‍ നായര്‍, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയ ബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥന്‍ നായരുടെ സഹോദരന്മാരുടെ മക്കളായ ഉണ്ണിക്കൃഷ്ണന്‍ നായര്‍, ജയമാധവന്‍ എന്നിവരാണ് മരിച്ചത്.

ജയമാധവന്‍ 2017ലാണ് മരിച്ചത്. മരണത്തിന് മുന്‍പ് ഇയാള്‍ രവീന്ദ്രന്‍ നായരുടെയും മകന്റെയും പേരിലേക്ക് സ്വത്ത് എഴുതി നല്‍കിയെന്നായിരുന്നു രേഖകള്‍. ഇവ വ്യാജമാണെന്ന് വ്യക്തമായി. ജയമാധവന്‍ തലക്ക് ക്ഷതമേറ്റാണ് മരിച്ചതെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിരുന്നു.