താഴത്തങ്ങാടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍

താഴത്തങ്ങാടിയില് വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില് പ്രതി പിടിയില്
 | 
താഴത്തങ്ങാടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍

കോട്ടയം: താഴത്തങ്ങാടിയില്‍ വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. കൊല്ലപ്പെട്ട ഷീബയുടെ അയല്‍ക്കാരനായ മുഹമ്മദ് ബിലാല്‍ ആണ് പിടിയിലായത്. ഇയാളെ എറണാകുളത്ത് നിന്നാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇന്ന് പുലര്‍ച്ചെ അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.

മോഷണത്തിന് ശ്രമിക്കുന്നതിനിടെയാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. ഷീബയും ഭര്‍ത്താവ് സാലിയും പ്രതിയെ നേരത്തേ സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെയാണ് കൊല നടത്തിയത്. രാവിലെ ഇയാള്‍ വീട്ടില്‍ എത്തിയപ്പോള്‍ പരിചയമുള്ളയാളായതിനാല്‍ ദമ്പതികള്‍ വാതില്‍ തുറക്കുകയും സ്വീകരണ മുറിയില്‍ ഇരുത്തുകയും ചെയ്തു.

ഇയാള്‍ക്ക് കുടിക്കാന്‍ വെള്ളം നല്‍കുകയും ചെയ്തു. ഷീബ അടുക്കളയിലേക്ക് പോയ സമയത്ത് മുഹമ്മദ് ബിലാല്‍ സാലിയെ ടീപ്പോയ് കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. ബഹളം കേട്ട് എത്തിയ ഷീബയെയും തലയ്ക്കടിച്ച് വീഴ്ത്തി. പിന്നീട് കിടപ്പു മുറിയിലെ അലമാരയില്‍നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചു. ഷീബയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളും ഊരിയെടുത്തു.

മരണം ഉറപ്പാക്കുന്നതിനായാണ് ഇരുമ്പു കമ്പി കൊണ്ട് കെട്ടിയിട്ട് വൈദ്യുതി കടത്തി വിട്ടത്. തെളിവ് നശിപ്പിക്കുന്നതിനായി ഗ്യാസ് സിലിന്‍ഡര്‍ തുറന്നു വിടുകയും ചെയ്തു. ഇതിന് ശേഷം സാലിയുടെ കാറുമായി പ്രതി കടന്നുകളയുകയായിരുന്നു. കുമരകം വഴി എറണാകുളം ഭാഗത്തേക്ക് കാര്‍ കടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇന്ധനം നിറയ്ക്കാനായി കാര്‍ പെട്രോള്‍ പമ്പില്‍ കയറ്റിയതിന്റെ ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

ഷീബയെ കൊല്ലപ്പെട്ട നിലയിലാണ് തിങ്കളാഴ്ച കണ്ടെത്തിയത്. ഭര്‍ത്താവ് മുഹമ്മദ് സാലി (65) ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.