Monday , 20 May 2019
Kalyan
News Updates

കനത്ത മഴ തുടരുന്നു; മലബാറില്‍ പലയിടങ്ങളിലും ഉരുള്‍പൊട്ടല്‍; ഒരാള്‍ മരിച്ചു; പത്ത് പേരെ കാണാതായി

കോഴിക്കോട്: കേരളത്തില്‍ ശക്തമായ മഴ തുടരുന്നു. മലബാറില്‍ പലയിടങ്ങളിലും ഉരുള്‍പൊട്ടലുണ്ടായി. കോഴിക്കോട്, മലപ്പുറം, വയനാട് പ്രദേശങ്ങളിലാണ് കനത്ത മഴ തുടരുന്നത്. കോഴിക്കോട് കരിഞ്ചോലയില്‍ 9 വയസുകാരി മരിച്ചു. അപകട സമയത്ത് വീടിനുള്ളില്‍ കുടുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. സ്വകാര്യ വ്യക്തി മലമുകളില്‍ നിര്‍മ്മിച്ച തടയിണ തകര്‍ന്നാണ് 9 വയസുകാരി ദില്‍ന മരിച്ചത്. കൂടരഞ്ഞി കുളിരാമൂട്ടില്‍ വീണ്ടും ഉരുള്‍ പൊട്ടലുണ്ടായി. പ്രദേശത്ത് നിന്ന് 10 പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായുള്ള തെരെച്ചില്‍ തുടരുകയാണ്. ഉരുള്‍പൊട്ടലില്‍ ഇവര്‍ ഒഴുകി പോയതാകാമെന്നാണ് സംശയം.

കക്കയം, പുല്ലൂരാമ്പാറ, കരിഞ്ചോല, ചമല്‍, കട്ടിപ്പാറ, വേനപ്പാറ മേഖലയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. മലപ്പുറം ജില്ലയിലെ എടവണ്ണ ചാത്തല്ലൂരിലും ആനക്കല്ലിലും ഉരുള്‍പൊട്ടി. ദുരന്ത നിവാരണ സേനയുടെയും റവന്യൂ ഉദ്യേഗസ്ഥരുടെയും അടിയന്തര യോഗം ഇന്ന് കോഴിക്കോട് കളക്ട്രേറ്റില്‍ നടക്കും. രക്ഷപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളായിരിക്കും നടക്കുക. കക്കയം ടൗണിന് സമീപവും ഉരുള്‍പൊട്ടലുണ്ടായി. വെള്ളപ്പൊക്കത്തില്‍ തിരുവമ്പാടി മേഖല പൂര്‍ണമായും ഒറ്റപ്പെട്ടു. ബാലുശേരി മങ്കയത്തും നിരവധി വീടുകള്‍ തകര്‍ന്നു. വയനാട്ടിലെ വൈത്തിരിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് വീടുകള്‍ തകര്‍ന്നിട്ടുണ്ട്. പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പി.എസ്.സി, യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. കാസര്‍കോട് വെള്ളരിക്കുണ്ട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ – പാല്‍ച്ചുരം വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയത്തിന്റെ മതില്‍ കനത്ത മഴയില്‍ ഇടിഞ്ഞു വീണു. കൊട്ടിയൂര്‍ – ബോയ്‌സ് ടൗണ്‍ – മാനന്തവാടി ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ കുളിക്കാനോ മീന്‍ പിടിക്കാനോ ഇറങ്ങരുത്

കനത്ത മഴയെത്തുടര്‍ന്ന് വെള്ളം കവിഞ്ഞൊഴുകുന്നതിനാല്‍ തോടുകളിലും പുഴകളിലും മറ്റ് ജലാശയങ്ങളിലും കുളിക്കുന്നതിനോ മീന്‍ പിടിക്കുന്നതിനോ ഇറങ്ങരുതെന്ന് എ.ഡി.എം വി രാമചന്ദ്രന്‍ അറിയിച്ചു. മഴക്കാലത്ത് ഒഴുക്കില്‍ പെട്ടുള്ള അപകട മരണങ്ങളും ദുരന്തങ്ങളും ഒഴിവാക്കുന്നതിന് ജനങ്ങള്‍ ജാഗ്രത പാലിക്കണം. അപകട സാധ്യതയുള്ള പ്രദേശങ്ങളിലേക്ക് കുട്ടികളെ രക്ഷിതാക്കള്‍ കളിക്കാനോ കുളിക്കാനോ പറഞ്ഞയക്കരുത്. പകര്‍ച്ചവ്യാധി അവലോകന യോഗത്തില്‍ എ.ഡി .എം വി.രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ മഹമ്മദ് ഇസ്മയില്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Topics:

DONT MISS