സാലറി ചാലഞ്ചിലൂടെ പിരിച്ചെടുത്ത 126 കോടി രൂപ കെഎസ്ഇബി വകമാറ്റി

കഴിഞ്ഞ വര്ഷമുണ്ടായ മഹാപ്രളയത്തിന് ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെഎസ്ഇബി ജീവനക്കാരില് നിന്ന് പിരിച്ച കോടികള് ബോര്ഡ് വകമാറ്റിയെന്ന് റിപ്പോര്ട്ട്.
 | 
സാലറി ചാലഞ്ചിലൂടെ പിരിച്ചെടുത്ത 126 കോടി രൂപ കെഎസ്ഇബി വകമാറ്റി

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷമുണ്ടായ മഹാപ്രളയത്തിന് ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെഎസ്ഇബി ജീവനക്കാരില്‍ നിന്ന് പിരിച്ച കോടികള്‍ ബോര്‍ഡ് വകമാറ്റിയെന്ന് റിപ്പോര്‍ട്ട്. സാലറി ചാലഞ്ച് വഴി ശേഖരിച്ച 126 കോടി രൂപ കെഎസ്ഇബി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാതെ വകമാറ്റിയെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ജീവനക്കാരില്‍ നിന്ന് പിരിച്ച തുക വകമാറ്റിയെന്ന് ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്.പിള്ള സമ്മതിച്ചിട്ടുണ്ട്. സാലറി ചാലഞ്ചില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നല്ലൊരു ശതമാനം അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

ഈ വര്‍ഷം മാര്‍ച്ച് അവസാനിക്കുമ്പോള്‍ 102.61 കോടി രൂപ കെഎസ്ഇബി ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിരിച്ചെടുത്തിരുന്നു. പിന്നീടുള്ള മൂന്ന് മാസത്തില്‍ 14.65 കോടി വീതം ശരാശരി ബോര്‍ഡിന് ലഭിച്ചു. സാലറി ചാലഞ്ച് വഴി ലഭിച്ച തുകയില്‍ 10.23 കോടി രൂപ മാത്രമാണ് ബോര്‍ഡ് കഴിഞ്ഞ ജൂണ്‍ 30 വരെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. കഴിഞ്ഞ സെപ്റ്റംബറിലാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന സാലറി ചാലഞ്ച് ആരംഭിച്ചത്.

2018 സെപ്റ്റംബറില്‍ കെഎസ്ഇബി വക 49.5 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു.ബോര്‍ഡ് വക 36 കോടിയും ജീവനക്കാര്‍ നല്‍കിയ ഒരു ദിവസത്തെ ശമ്പളവും ഉള്‍പ്പെടുന്നതാണ് ഈ തുക. ഇത് കൂടാതെയാണ് സാലറി ചാലഞ്ച് വഴി കോടികള്‍ സമാഹരിച്ചത്. സാമ്പത്തിക പ്രതിസന്ധി മൂലമാണ് ഈ തുക വകമാറ്റിയതെന്നാണ് കെഎസ്ഇബി ചെയര്‍മാന്‍ നല്‍കുന്ന വിശദീകരണം. വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് കുടിശികത്തുക ലഭിച്ചില്ലെന്നും ഉടന്‍ തന്നെ പണം കടമെടുത്ത് തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നും ചെയര്‍മാന്‍ വിശദീകരിക്കുന്നു