സാലറി ചലഞ്ചിലൂടെ സമാഹരിച്ച തുക കെ.എസ്.ഇ.ബി സര്‍ക്കാരിന് കൈമാറി

അതേസമയം സാലറി ചലഞ്ചിലൂടെ സമാഹരിച്ച തുക കൈമാറാന് വൈകിയ നടപടിയെ അനുകൂലിച്ച് ധനമന്ത്രി തോമസ് ഐസക് രംഗത്ത് വന്നു.
 | 
സാലറി ചലഞ്ചിലൂടെ സമാഹരിച്ച തുക കെ.എസ്.ഇ.ബി സര്‍ക്കാരിന് കൈമാറി

തിരുവനന്തപുരം: സാലറി ചലഞ്ചിലൂടെ സമാഹരിച്ച തുക കെ.എസ്.ഇ.ബി സര്‍ക്കാരിന് കൈമാറി. വൈദ്യുതി മന്ത്രി എം എം മണിയാണ് മുഖ്യമന്ത്രി പിണറായി വിജയന് തുക കൈമാറിയത്. സാലറി ചാലഞ്ചിലൂടെ കെഎസ്ഇബി ജീവനക്കാരില്‍ നിന്ന് സമാഹരിച്ച തുക ഉടന്‍ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബോര്‍ഡിന് സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും പണം നല്‍കുമെന്നാണ് കെഎസ്ഇബി ചെയര്‍മാന്‍ അറിയിച്ചിരിക്കുന്നതെന്നും മണി വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷം സാലറി ചാലഞ്ചിന്റെ ഭാഗമായി ബോര്‍ഡ് സമാഹരിച്ച 136 കോടി രൂപയില്‍ 10.23 കോടി രൂപ മാത്രമാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നത്. ഇക്കാര്യം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് തുക എത്രയും പെട്ടന്ന് കൈമാറാന്‍ ബോര്‍ഡ് തീരുമാനിച്ചത്. ദുരിതാശ്വാസ ഫണ്ടിലേക്ക് സമാഹരിച്ച 132.46 കോടി രൂപയാണ് ഇന്ന് കെഎസ്ഇബി സര്‍ക്കാരിന് കൈമാറിയിരിക്കുന്നത്. ഇതില്‍ . ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വിഹിതം പ്രത്യേകം ചെക്കുകളായാണ് നല്‍കിയിരിക്കുന്നത്.

അതേസമയം സാലറി ചലഞ്ചിലൂടെ സമാഹരിച്ച തുക കൈമാറാന്‍ വൈകിയ നടപടിയെ അനുകൂലിച്ച് ധനമന്ത്രി തോമസ് ഐസക് രംഗത്ത് വന്നു. കെഎസ്ഇബിക്ക് എതിരായി ഉയര്‍ന്നിരിക്കുന്ന ആക്ഷേപത്തില്‍ അടിസ്ഥാനമില്ല. സാലറി ചലഞ്ചിന്റെ ഗഡുക്കള്‍ പൂര്‍ത്തിയാകുന്നതുവരെ തുക കൈമാറാതിരുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പ്രതികരിച്ചു.