കെഎസ്ആര്‍ടിസി ചരക്ക് സേവന രംഗത്തേക്ക്; പാഴ്‌സല്‍ സര്‍വീസ് ആരംഭിക്കുന്നു

കെഎസ്ആര്ടിസി ചരക്ക് സേവന രംഗത്തേക്ക് ചുവടു വെയ്ക്കുന്നു.
 | 
കെഎസ്ആര്‍ടിസി ചരക്ക് സേവന രംഗത്തേക്ക്; പാഴ്‌സല്‍ സര്‍വീസ് ആരംഭിക്കുന്നു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ചരക്ക് സേവന രംഗത്തേക്ക് ചുവടു വെയ്ക്കുന്നു. കെഎസ്ആര്‍ടിസി ലോജിസ്റ്റിക്‌സ് എന്ന പേരില്‍ പാഴ്‌സല്‍ സര്‍വീസ് ആണ് ആരംഭിക്കുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ഭരണഘടനാ സ്ഥാപനങ്ങള്‍ എന്നിവയുടെയും സ്വകാര്യ സംരംഭകരുടെയും പാഴ്‌സലുകള്‍ കൈകാര്യം ചെയ്യുന്ന ഒരു വിഭാഗം ആരംഭിക്കുകയാണെന്ന് കോര്‍പറേഷന്‍ അറിയിച്ചു. ചരക്ക് സേവനങ്ങളിലൂടെയാണ് റെയില്‍വേയുടെ വരുമാനത്തിന്റെ നല്ലൊരു പങ്ക് ലഭിക്കുന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് പുതിയ നീക്കം.

പല ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുകളും ടിക്കറ്റ് വരുമാനത്തില്‍ നിന്ന് ലാഭം ഉണ്ടാക്കാന്‍ സാധിക്കാത്തതിനാല്‍ മറ്റു വരുമാനമാര്‍ഗ്ഗങ്ങള്‍ തേടുകയാണ്. കെഎസ്ആര്‍ടിസിയും അത്തരം നൂതന മാര്‍ഗ്ഗങ്ങള്‍ ആരംഭിച്ചതായി ഫെയിസ്ബുക്ക് പോസ്റ്റില്‍ കോര്‍പറേഷന്‍ വ്യക്തമാക്കുന്നു. സപ്ലൈകോയ്ക്ക് 5 വാഹനങ്ങള്‍ പ്രതിമാസം 1,25,000 രൂപയ്ക്ക് നല്‍കിക്കൊണ്ടാണ് കെഎസ്ആര്‍ടിസി ലോജിസ്റ്റിക്‌സിന് തുടക്കം കുറിക്കുന്നത്. പരമാവധി 2500 കിലോമീറ്ററിനാണ് ഈ വാടക. അധികമുള്ള ഓരോ കിലോമീറ്ററിനും 50 രൂപ അധിക വാടക ഈടാക്കും.

കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍, വിവിധ യൂണിവേഴ്‌സിറ്റികള്‍, പരീക്ഷാഭവന്‍ എന്നിവയുടെ ചോദ്യ പേപ്പര്‍, ഉത്തരക്കടലാസ് തുടങ്ങിയവയും ജിപിഎസ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളുള്ള വാഹനങ്ങള്‍ വഴി സംസ്ഥാനത്തെമ്പാടും എത്തിക്കുന്ന സംവിധാനം ഈ പദ്ധതിയുടെ ഭാഗമാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും കോര്‍പറേഷന്‍ അറിയിച്ചു.