കൊറോണ വൈറസ്; ഡോ. ഷിനു ശ്യാമളനും 24 ന്യൂസിനുമെതിരെ നിയമ നടപടിയുണ്ടാകും

തൃശൂര് ജില്ലാ മെഡിക്കല് ഓഫീസര് നല്കിയ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സൂചന. മാര്ച്ച് 9ന് 'ശ്രീകണ്ഠന് നായര് ഷോ' സംപ്രേഷണം ചെയ്ത വാര്ത്താ ചാനലായ ട്വന്റിഫോറിനുമെതിരെ സമാന നടപടിയുണ്ടാകുമെന്നാണ് റിപ്പോര്ട്ട്.
 | 
കൊറോണ വൈറസ്; ഡോ. ഷിനു ശ്യാമളനും 24 ന്യൂസിനുമെതിരെ നിയമ നടപടിയുണ്ടാകും

തൃശൂര്‍: കോവിഡ് 19(കൊറോണ) വൈറസ് ബാധ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിനെയും ഉദ്യോഗസ്ഥരെയും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചതിന് 24 ന്യൂസിനെതിരെയും ഡോ. ഷിനു ശ്യാമളനെതിരെയും നടപടിയുണ്ടാകുമെന്ന് തൃശൂര്‍ ജില്ലാ കലക്ടര്‍ എസ്.ഷാനവാസ്. തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സൂചന. മാര്‍ച്ച് 9ന് ‘ശ്രീകണ്ഠന്‍ നായര്‍ ഷോ’ സംപ്രേഷണം ചെയ്ത വാര്‍ത്താ ചാനലായ ട്വന്റിഫോറിനുമെതിരെ സമാന നടപടിയുണ്ടാകും.

തൃശൂര്‍ ഡി.എം.ഒയുടെ പരാതിയുട അടിസ്ഥാനത്തില്‍ നേരത്തെ വാടാനപ്പള്ളി പൊലീസ് ഷിനുവിനെതിരെ കേസെടുത്തിരുന്നു. ഐപിസി 505 , കെപി ആക്ട് 120 ( ഒ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. രണ്ടു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഷിനു ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്ന് നേരത്തെ ഡി.എം.ഒ ഓഫീസ് കുറ്റപ്പെടുത്തിയിരുന്നു.

കോവിഡ് 19 വൈറസ് ബാധയ്ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എല്ലാ വകുപ്പുകളും കയ്യും മെയ്യും മറന്ന് പങ്കാളികളാവുന്ന സാഹചര്യത്തില്‍ മനഃപൂര്‍വം ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്താനാണ് ശ്രീകണ്ഠന്‍ നായര്‍ ഷോയിലൂടെ ശ്രമം നടന്നതെന്ന് ഡിഎംഒ കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഖത്തറില്‍ നിന്ന് കേരളത്തിലെത്തിയ വ്യക്തി പനിയുടെ ചികിത്സയ തേടി ഷിനു ജോലി ചെയ്യുന്ന ക്ലിനിക്കെലെത്തിയിരുന്നു. ഇയാള്‍ക്ക് കൊറോണയാണെന്ന് ഷിനു സംശയം പ്രകടിപ്പിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം.

2020 ജനുവരി 31നാണ് ഖത്തറില്‍ നിന്ന് എത്തി വ്യക്തി ഷിനുവിന്റെ പക്കല്‍ ചികിത്സയ്‌ക്കെത്തുന്നത്. ഇതുപ്രകാരം കോവിഡ് 19 വൈറസ് ബാധയുടെ ഇന്‍ക്യുബേഷന്‍ കാലാവധി ഫെബ്രുവരി 14ന് അവസാനിക്കും. എന്നാല്‍, കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍നിന്ന് വരുന്ന ആളുകള്‍ക്ക് 28 ദിവസം ആണ് നിര്‍ബന്ധിത മാറ്റിനിര്‍ത്തല്‍ (ക്വാറന്റൈന്‍) കാലാവധി. 28 ദിവസത്തെ നിര്‍ബന്ധിത മാറ്റിനിര്‍ത്തല്‍ കാലാവധിയും പിന്നിട്ട് പത്ത് ദിവസത്തിന് ശേഷമാണ് ഇയാള്‍ ഷിനുവിന്റെ ക്ലിനിക്കിലെത്തുന്നത്. പനി ഏതൊരു രോഗത്തിന്റെയും ലക്ഷണമാണ്. അത് തിരിച്ചറിയേണ്ടത് ഡോക്ടറാണ്. എന്നാല്‍ ഷിനു അക്കാര്യത്തില്‍ പരാജയപ്പെട്ടു. ഡി.എം.ഒ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

പനിയായി വന്നയാള്‍ തിരിച്ച് വിദേശത്ത് എത്തി അവിടെ 14 ദിവസത്തേക്ക് ചികിത്സയിലാണ് എന്ന് പറയുന്നത് ഡോ.ഷിനു ശ്യാമളന് നിലവില്‍ കോവിഡ്-19 നിയന്ത്രണത്തിന് ഓരോ രാജ്യങ്ങളും എടുത്തുവരുന്ന നടപടികള്‍ അറിയാത്തതുകൊണ്ടാണ്. ഖത്തറില്‍ ഇപ്പോള്‍ പുറത്തുനിന്നുവരുന്ന എല്ലാവര്‍ക്കും 14 ദിവസം നിര്‍ബന്ധിത ക്വാറന്‍ന്റൈന്‍ ഉറപ്പാക്കുന്നുണ്ട്. അല്ലാതെ കോവിഡ്-19 ആയതുകൊണ്ടല്ല അവിടെ ആശുപത്രിയില്‍ ആക്കിയിരിക്കുന്നത്. ഡോക്ടറായാലും മറ്റ് ആരോഗ്യ പ്രവര്‍ത്തകരായാലും നിര്‍ബന്ധമായും സാര്‍വത്രികമായ മുന്‍കരുതല്‍ എടുത്തിരിക്കണം. ഡോ.ഷിനു ശ്യാമളന്‍ അറിയിച്ചതിനെ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശപ്രകാരം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അന്വേഷിച്ച് ചികിത്സ തേടിയ ആളെ കണ്ടെത്തിയിരുന്നു. ഈ വിവരം ഡോക്ടര്‍ ഷിനുവിനേയും അറിയിച്ചിരുന്നു.

യാഥാര്‍ഥ്യം ഇതായിരിക്കേ ഡോ.ഷിനു ശ്യാമളന്‍ പറഞ്ഞ തെറ്റായ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ട്വന്റിഫോര്‍ ചാനലിലെ അവതാരകന്‍ ശ്രീകണ്ഠന്‍ നായരും ഡോ.ഷിനു ശ്യാമളന്‍ നേരിട്ടും ആരോഗ്യ വകുപ്പിനെയും ഉദ്യോഗസ്ഥരേയും കുറിച്ച് പൊതുജനമധ്യത്തില്‍ അവമതിപ്പുണ്ടാക്കിയ പ്രസ്താവനകള്‍ ചാനലില്‍ നടത്തി. ഡി.എം.ഒ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. നേരത്തെ സമൂഹമാധ്യമങ്ങളിലും മറ്റും നടത്തിയ പ്രസ്താവനകള്‍ക്ക് പിന്നാലെഡോ. ഷിനുവിനെ ക്ലിനിക്കില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.