സെറ്റ് പൊളിച്ചത് അണിയറക്കാരുടെ ക്വട്ടേഷനെന്ന് വാര്‍ത്ത; മറുനാടന്‍ മലയാളിക്കെതിരെ നിര്‍മാതാവ് നിയമനടപടിക്ക്

മിന്നല് മുരളിയുടെ സെറ്റ് തകര്ത്തത് അണിയറ പ്രവര്ത്തകരുടെ ക്വട്ടേഷനാണെന്ന് വാര്ത്ത നല്കിയ മറുനാടന് മലയാളി ഓണ്ലൈന് പോര്ട്ടലിന് വക്കീല് നോട്ടീസ്.
 | 
സെറ്റ് പൊളിച്ചത് അണിയറക്കാരുടെ ക്വട്ടേഷനെന്ന് വാര്‍ത്ത; മറുനാടന്‍ മലയാളിക്കെതിരെ നിര്‍മാതാവ് നിയമനടപടിക്ക്

കൊച്ചി: മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്തത് അണിയറ പ്രവര്‍ത്തകരുടെ ക്വട്ടേഷനാണെന്ന് വാര്‍ത്ത നല്‍കിയ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ പോര്‍ട്ടലിന് വക്കീല്‍ നോട്ടീസ്. മിന്നല്‍ മുരളിയുടെ നിര്‍മാതാവ് സോഫിയ പോള്‍ രണ്ട് ലക്ഷത്തിന് നല്‍കിയ ക്വട്ടേഷനോ എന്നായിരുന്നു വാര്‍ത്ത. ഇതിനെതിരെ നിര്‍മാണ കമ്പനിയായ വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് ആണ് നിയമനടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. ആ പള്ളി കത്തിച്ചത് സിനിമയുടെ അണിയറക്കാരോ എന്ന തലക്കെട്ടിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

നോട്ടീസ് ലഭിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ യുട്യൂബ് ചാനലിലും ഫെയിസ്ബുക്ക് പേജിലും ഉള്‍പ്പെടെ പ്രസിദ്ധീകരിച്ച വാര്‍ത്ത പിന്‍വലിക്കണമെന്നും നിരുപാധികമായി മാപ്പ് പറയണമെന്നുമാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്. ഇല്ലെങ്കില്‍ മാനനഷ്ടത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്യുമെന്നും നോട്ടീസില്‍ പറയുന്നു. ടൊവീനോ തോമസും നിര്‍മാതാവ് സോഫിയ പോളും ഇക്കാര്യം ഫെയിസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

ഞങ്ങളുടെ മാനേജിങ് ഡയറക്ടര്‍ ശ്രീമതി സോഫിയ പോളിനെയും വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് എന്ന ഞങ്ങളുടെ പ്രൊഡക്ഷന്‍ കമ്പനിയേയും വളരെയധികം അപകീര്‍ത്തിപ്പെടുത്തുന്ന ഒരു വ്യാജവാര്‍ത്ത ഒരു ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ പങ്ക് വെച്ചതായി ശ്രദ്ധയില്‍പ്പെട്ടു. വളരെ സങ്കീര്‍ണമായ സാഹചര്യത്തിലൂടെയാണ് നമ്മള്‍ എല്ലാവരും തന്നെ ഇപ്പോള്‍ കടന്ന് പോകുന്നത്. ഈ ഒരു സമയത്ത് ഇത്തരത്തിലുള്ള അപവാദങ്ങളും അടിസ്ഥാനമില്ലാത്ത കുറ്റാരോപണങ്ങളും ഒരിക്കലും അനുവദിച്ചു കൂടാത്തതാണ്. ഇന്നേ വരെ, പ്രത്യേകിച്ചും ഈ ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് പിന്തുണയുമായി നില്‍ക്കുന്ന ഓരോരുത്തരോടും ഞങ്ങള്‍ ഏറെ കടപ്പെട്ടിരിക്കുന്നു. വരും ദിവസങ്ങളിലും നിങ്ങളുടെ ആ പിന്തുണ ഞങ്ങള്‍ ഏറെ ആഗ്രഹിക്കുന്നുണ്ട്.

വ്യാജവാര്‍ത്ത നല്‍കിയ ആ ഓണ്‍ലൈന്‍ പോര്‍ട്ടലിന് എതിരെ ഞങ്ങള്‍ നിയമപരമായി നീങ്ങുവാന്‍ ഒരുങ്ങുകയാണ്. സമൂഹത്തിന് ആപത്കരമാകുന്നതും വെറുപ്പ് പടര്‍ത്തുന്നതുമായ ഇത്തരം വ്യാജവാര്‍ത്തകള്‍ ദയവായി ഷെയര്‍ ചെയ്യരുതെന്ന് പ്രിയ പ്രേക്ഷകരോട് അപേക്ഷിക്കുന്നു. കുറ്റവാളികള്‍ക്ക് എതിരായ നിയമനടപടികള്‍ മുന്നേറുകയാണ്. ഈ കേസിന് നീതിപരമായ ഒരു വിധിയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതോടൊപ്പം ഇത്തരം സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ അംഗീകരിക്കപ്പെടില്ലെന്നും പ്രതീക്ഷിക്കുന്നു എന്ന് പോസ്റ്റില്‍ പറയുന്നു.

പോസ്റ്റ് കാണാം

ഞങ്ങളുടെ മാനേജിങ് ഡയറക്ടർ ശ്രീമതി സോഫിയ പോളിനെയും വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് എന്ന ഞങ്ങളുടെ പ്രൊഡക്ഷൻ കമ്പനിയേയും…

Posted by Weekend Blockbusters on Wednesday, May 27, 2020