പൂന്തുറയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് നാട്ടുകാര്‍; പോലീസുമായി ഏറ്റുമുട്ടി

കോവിഡ് സൂപ്പര് സ്പ്രെഡ് സ്ഥിരീകരിച്ച പൂന്തുറയില് ലോക്ക് ഡൗണ് ലംഘിച്ച് നാട്ടുകാര്
 | 
പൂന്തുറയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് നാട്ടുകാര്‍; പോലീസുമായി ഏറ്റുമുട്ടി

തിരുവനന്തപുരം: കോവിഡ് സൂപ്പര്‍ സ്‌പ്രെഡ് സ്ഥിരീകരിച്ച പൂന്തുറയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് നാട്ടുകാര്‍. ജനക്കൂട്ടം പ്രദേശത്തെത്തിയ ആരോഗ്യ പ്രവര്‍ത്തകരെ തടയുകയും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ അനുവദക്കുന്നില്ലെന്ന് ആരോപിച്ചാണ് ജനങ്ങള്‍ തെരുവില്‍ ഇറങ്ങിയത്. സര്‍ക്കാരും പോലീസും പൂന്തുറയ്‌ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു.

സമീപ പ്രദേശങ്ങളിലെ കോവിഡ് പരിശോധനാഫലം പൂന്തുറയുടെ പേരില്‍ എഴുതിച്ചേര്‍ക്കുകയാണെന്നും ജനങ്ങള്‍ ആരോപിക്കുന്നു. പ്രദേശത്ത് കോവിഡ് സൂപ്പര്‍ സ്‌പ്രെഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രിയും തിരുവനന്തപുരത്തിന്റെ ചുമതലയുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പോലീസിനെ കൂടാതെ കമാന്‍ഡോകളെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. 500ഓളം പോലീസുകാരെയാണ് പ്രദേശത്ത് നിയോഗിച്ചിരിക്കുന്നത്. തമിഴ്‌നാട് പ്രദേശത്തേക്ക് മത്സ്യബന്ധന ബോട്ടുകള്‍ പോകുന്നതും അവിടെ നിന്ന് വരുന്നതും നിരോധിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് വ്യാഴാഴ്ച 97 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 77 പേരും പൂന്തുറയിലാണ്.