യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം; പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

യൂണിവേഴ്സിറ്റി കോളേജില് വിദ്യാര്ത്ഥിയെ കുത്തി കൊലപ്പെടുത്താന് ശ്രമിച്ച കേസില് പ്രതികള്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്.
 | 
യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം; പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്. എട്ട് പ്രതികള്‍ക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. എസ്എഫ്‌ഐ കോളേജ് യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത്, സെക്രട്ടറി നസീം, അംഗങ്ങളായ ആരോമല്‍, ആദില്‍, രഞ്ജിത്ത്, അദ്വൈത്, അമര്‍ ഇബ്രാഹിം എന്നിവര്‍ക്കെതിരെയാണ് നോട്ടീസ്.

കേസില്‍ പ്രധാന പ്രതികളെ ആരെയും ഇതുവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. നിലവില്‍ കണ്ടാല്‍ തിരിച്ചറിയാവുന്നത് എന്ന് രേഖപ്പെടുത്തിയ ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയംഗമായ നേമം സ്വദേശി ഇജാബിനെയാണ് അറസ്റ്റ് ചെയ്തത്. സംഭവം നടക്കുമ്പോള്‍ ഇയാള്‍ സ്ഥലത്തുണ്ടായിരുന്നുവെന്ന് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ആരാണ് കുത്തിയതെന്ന് കണ്ടില്ലെന്നാണ് മൊഴി.

പ്രതികളെ പിടിക്കാനാകാത്തതില്‍ പോലീസിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. കോളേജ് ഹോസ്റ്റലുകളിലോ പിഎംജിയിലെ സ്റ്റുഡന്റ് സെന്ററിലോ പോലീസിന് പരിശോധന നടത്താന്‍ കഴിയുന്നില്ലെന്നാണ് ആക്ഷേപം. സംഘര്‍ഷത്തില്‍ കുത്തേറ്റ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഖിലിനെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചിരുന്നു.