എം.വി രാഘവൻ അന്തരിച്ചു

പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും സി.എം.പി ജനറൽ സെക്രട്ടറിയുമായ എം.വി രാഘവൻ (81) അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളാൽ ഏറെ നാളായി ചികിത്സയിലായിരുന്നു.
 | 
എം.വി രാഘവൻ അന്തരിച്ചു

 

കണ്ണൂർ: പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും സി.എം.പി ജനറൽ സെക്രട്ടറിയുമായ എം.വി രാഘവൻ (81) അന്തരിച്ചു. ആരോഗ്യ പ്രശ്‌നങ്ങളാൽ ഏറെ നാളായി ചികിത്സയിലായിരുന്നു. പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് രാവിലെ എട്ട് മണിയോടെയായിരുന്നു അന്ത്യം. സംസ്‌കാരം നാളെ 11 മണിക്ക് പയ്യാമ്പലത്ത് നടക്കും.

അനുയായികൾ എം.വി.ആർ.എന്ന ചുരുക്കപ്പേരിൽ വിളിക്കുന്ന എം.വി.രാഘവൻ 1933 മെയ് 5 നാണ് ജനിച്ചത്. പതിനാറാം വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തനം ആരംഭിച്ച അദ്ദേഹം, മലബാറിൽ സിപിഎം കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചു. എന്നാൽ, 1985 ൽ ബദൽ രേഖ അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട് 1986 ൽ സിപിഎമ്മിൽ നിന്നും പുറത്തായി.

തുടർന്ന് അദ്ദേഹം കമ്മ്യൂണിസ്റ്റ് മാർക്‌സിസ്റ്റ് പാർട്ടി (സി.എം.പി) രൂപീകരിച്ചു. മാടായി, തളിപ്പറമ്പ്, കൂത്തുപറമ്പ്, പയ്യന്നൂർ, അഴീക്കോട്, കഴക്കൂട്ടം, തിരുവനന്തപുരം (വെസ്റ്റ്) എന്നി നിയമസഭാ നിയോജകമണ്ഡലങ്ങളെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1991 ൽ സംസ്ഥാന സഹകരണ മന്ത്രിയായി. രാജ്യത്തെ ആദ്യ സഹകരണ മെഡിക്കൽ കോളേജായ പരിയാരം മെഡിക്കൽകോളേജിന്റെ സ്ഥാപക ചെയർമാനാണ്.