ശബരിമലയിലേക്ക് ഇത്തവണയും എത്തുമെന്ന് മനിതി വനിതാ കൂട്ടായ്മ

ഇത്തവണയും ശബരിമല കയറാന് യുവതികളുടെ സംഘവുമായി എത്തുമെന്ന് മനിതി വനിതാ കൂട്ടായ്മ.
 | 
ശബരിമലയിലേക്ക് ഇത്തവണയും എത്തുമെന്ന് മനിതി വനിതാ കൂട്ടായ്മ

ചെന്നൈ: ഇത്തവണയും ശബരിമല കയറാന്‍ യുവതികളുടെ സംഘവുമായി എത്തുമെന്ന് മനിതി വനിതാ കൂട്ടായ്മ. സുപ്രീം കോടതിവിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. ഇത് വിശ്വാസത്തിലെടുത്താണ് തീരുമാനമെന്നും സംഘാംഗമായ സെല്‍വി പറഞ്ഞു. എന്നാല്‍ സുരക്ഷയൊരുക്കുന്ന കാര്യത്തില്‍ കേരള സര്‍ക്കാരില്‍ വിശ്വാസമില്ലെന്നും അവര്‍ വ്യക്തമാക്കി. കര്‍ണാടക, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് ഇതുവരെ മൂന്ന് യുവതികള്‍ ശബരിമല ദര്‍ശനത്തിന് താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

കേരളത്തില്‍ നിന്നുള്ള യുവതികളും ഒരുമിച്ച് ദര്‍ശനത്തിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. പത്തിലധികം പേര്‍ ഉണ്ടെങ്കില്‍ തമിഴ്‌നാട്ടില്‍ നിന്ന് സംഘമായി തന്നെ പോകും. കഴിഞ്ഞ തവണ ദര്‍ശനത്തിന് ശ്രമിച്ച ബിന്ദു, മാധവി തുടങ്ങിയവര്‍ തങ്ങളെ ബന്ധപ്പെട്ടിട്ടുണ്ടെന്നും സെല്‍വി പറഞ്ഞു. കഴിഞ്ഞ മണ്ഡലകാലത്ത് മനിതി സംഘം ശബരിമലയില്‍ എത്തിയിരുന്നു. കേരളത്തില്‍ പ്രവേശിച്ചത് മുതല്‍ ഇവരെ തടയാന്‍ പലയിടത്തും ആള്‍ക്കൂട്ടം തമ്പടിച്ചിരുന്നു.

പമ്പയില്‍ സംഘപരിവാര്‍ സംഘടനകള്‍ ഉള്‍പ്പെടെ അക്രമാസക്തരായാണ് ഇവരെ തടയാന്‍ എത്തിയത്. ഇതോടെ സംഘം തമിഴ്‌നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിന് ശേഷം മുഖ്യമന്ത്രിയെ കാണാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. നിയമനിര്‍മ്മാണം സാധ്യമല്ലെന്നും സുപ്രീംകോടതി വിധി നടപ്പാക്കുമെന്നും നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞത് കണക്കിലെടുത്താണ് ഇത്തവണ സംഘം ദര്‍ശനത്തിന് എത്തുന്നത്.