ആദിവാസികള്‍ക്ക് വീട് നല്‍കാമെന്ന വാഗ്ദാനം നല്‍കി കബളിപ്പിച്ചെന്ന പരാതിയില്‍ മഞ്ജു വാര്യര്‍ ഹാജരാകാന്‍ നിര്‍ദേശം

ആദിവാസികള്ക്ക് വീട് വെച്ച് നല്കാമെന്ന് പറഞ്ഞ് കബളിപ്പിച്ചെന്ന പരാതിയില് മഞ്ജു വാര്യര് നേരിട്ട് ഹാജരാകണമെന്ന് നിര്ദേശം
 | 
ആദിവാസികള്‍ക്ക് വീട് നല്‍കാമെന്ന വാഗ്ദാനം നല്‍കി കബളിപ്പിച്ചെന്ന പരാതിയില്‍ മഞ്ജു വാര്യര്‍ ഹാജരാകാന്‍ നിര്‍ദേശം

കല്‍പറ്റ: ആദിവാസികള്‍ക്ക് വീട് വെച്ച് നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ചെന്ന പരാതിയില്‍ മഞ്ജു വാര്യര്‍ നേരിട്ട് ഹാജരാകണമെന്ന് നിര്‍ദേശം. വയനാട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച നടക്കുന്ന സിറ്റിംഗില്‍ ഹാജരാകണമെന്നാണ് അറിയിപ്പ്. പനമരം പഞ്ചായത്തിലെ പരക്കുനി കോളനിയിലെ പണിയ വിഭാഗത്തില്‍പ്പെട്ട 57 കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കാമെന്ന് 2017ല്‍ മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ വാഗ്ദാനം നല്‍കിയിരുന്നു.

ഇത് നടപ്പിലായില്ലെന്നാണ് പരാതി. കഴിഞ്ഞ വര്‍ഷം പ്രളയത്തില്‍ ഈ പ്രദേശത്ത് വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായി. എന്നാല്‍ മഞ്ജു വാര്യരുടെ വാഗ്ദാനം നിലനില്‍ക്കുന്നതിനാല്‍ പഞ്ചായത്തും സര്‍ക്കാരും സഹായിക്കുന്നില്ലെന്നാണ് കോളനിവാസികള്‍ പരാതി നല്‍കിയത്. എല്ലാ കുടുംബങ്ങള്‍ക്കുമായി 10 ലക്ഷം രൂപ നല്‍കുകയോ വീടുകള്‍ക്ക് അറ്റകുറ്റപ്പണികള്‍ നടത്തി നല്‍കുകയോ ചെയ്യാമെന്ന് ഇതിനിടെ ലീഗല്‍ സര്‍വീസ് അതോറിറ്റി നടത്തിയ സിറ്റിംഗില്‍ ഫൗണ്ടേഷന്‍ അറിയിച്ചിരുന്നു.

ഇത് കോളനി വാസികള്‍ അംഗീകരിക്കാത്തതിനെത്തുടര്‍ന്നാണ് അടുത്ത സിറ്റിംഗില്‍ നേരിട്ട് ഹാജരാകാന്‍ മഞ്ജു വാര്യര്‍ക്ക് രേഖാമൂലം നിര്‍ദേശം നല്‍കിയിരിക്കുന്നത്. 57 കുടുംബങ്ങള്‍ക്ക് ഒന്നേമുക്കാല്‍ കോടി രൂപ ചെലവില്‍ വീട് നിര്‍മിച്ച് നല്‍കാന്‍ കഴിയില്ലെന്ന് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നാണ് ഫൗണ്ടേഷന്റെ പ്രതികരണം.