ബൈക്ക് കാറില്‍ ഇടിപ്പിച്ചു, മനോഹരന്‍ പുറത്തിറങ്ങിയപ്പോള്‍ തോക്ക് ചൂണ്ടി; പമ്പുടമയുടെ കൊല പണം മോഷ്ടിക്കാന്‍

കയ്പമംഗലത്ത് പമ്പുടമയായ മനോഹരനെ കൊലപ്പെടുത്തിയത് പണം മോഷ്ടിക്കാനെന്ന് പോലീസ്.
 | 
ബൈക്ക് കാറില്‍ ഇടിപ്പിച്ചു, മനോഹരന്‍ പുറത്തിറങ്ങിയപ്പോള്‍ തോക്ക് ചൂണ്ടി; പമ്പുടമയുടെ കൊല പണം മോഷ്ടിക്കാന്‍

തൃശൂര്‍: കയ്പമംഗലത്ത് പമ്പുടമയായ മനോഹരനെ കൊലപ്പെടുത്തിയത് പണം മോഷ്ടിക്കാനെന്ന് പോലീസ്. സംഭവത്തില്‍ കയ്പമംഗലം സ്വദേശികളായ സിയോണ്‍, അന്‍സാര്‍, അനസ് എന്നിവരെ അറസ്റ്റ് ചെയ്തു. പെട്രോള്‍ പമ്പിലെ കളക്ഷന്‍ തുക തട്ടിയെടുക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ഇതിനായി കാറിന് പിന്നില്‍ ബൈക്ക് ഇടിപ്പിച്ച് അപകടം സൃഷ്ടിച്ചു.

നിര്‍ത്തിയ കാറില്‍ നിന്ന് പമ്പുടമയായ മനോഹരന്‍ ഇറങ്ങിയപ്പോള്‍ തോക്ക് ചൂണ്ടി ഇതേ കാറില്‍ തന്നെ യുവാക്കള്‍ തട്ടിക്കൊണ്ട് പോകുകയായിരുന്നു. എന്നാല്‍ കളക്ഷന്‍ പണം കാറിലുണ്ടായിരുന്നില്ല. മനോഹരന്‍ ബഹളം വെച്ചപ്പോള്‍ മുഖം പൊത്തിപ്പിടിച്ചു. ഇതേത്തുടര്‍ന്ന് മനോഹരന്‍ ശ്വാസം മുട്ടി മരിക്കുകയായിരുന്നു. ഗുരുവായൂരില്‍ മൃതദേഹം ഉപേക്ഷിച്ച സംഘം മലപ്പുറം അങ്ങാടിപ്പുറത്താണ് കാര്‍ ഉപേക്ഷിച്ചത്.

പമ്പുടമയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് തൃശൂര്‍ ജില്ലയില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധം നടക്കുകയാണ്. സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്ന് പെട്രോളിയം ഡീലേഴ്‌സ് അസോസിേയഷന്‍ അറിയിച്ചു.