വയനാട് മേപ്പാടിയില്‍ റിസോര്‍ട്ടില്‍ മാവോയിസ്റ്റ് ആക്രമണം; ആദിവാസി സ്ത്രീകളെ ചൂഷണം ചെയ്യരുതെന്ന് പോസ്റ്റര്‍

വയനാട് മേപ്പാടിയില് റിസോര്ട്ടില് മാവോയിസ്റ്റ് ആക്രമണം.
 | 
വയനാട് മേപ്പാടിയില്‍ റിസോര്‍ട്ടില്‍ മാവോയിസ്റ്റ് ആക്രമണം; ആദിവാസി സ്ത്രീകളെ ചൂഷണം ചെയ്യരുതെന്ന് പോസ്റ്റര്‍

മേപ്പാടി: വയനാട് മേപ്പാടിയില്‍ റിസോര്‍ട്ടില്‍ മാവോയിസ്റ്റ് ആക്രമണം. അട്ടമല, ആനക്കുഞ്ഞിമൂലയില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടിന് നേരെയാണ് ആക്രമണം ഉണ്ടായത്. റിസോര്‍ട്ടിന്റെ ചില്ലുകള്‍ എറിഞ്ഞ് തകര്‍ക്കുകയും കസേരകള്‍ പുറത്തിട്ട് കത്തിക്കുകയും ചെയ്തു. സിപിഐ(മാവോയിസ്റ്റ്) നാടുകാണി ഏരിയ സമിതിയുടെ പേരില്‍ പോസ്റ്ററും റിസോര്‍ട്ടില്‍ പതിച്ചിട്ടുണ്ട്.

ആദിവാസി സ്ത്രീകളോട് ലൈംഗികച്ചുവയോടെ പെരുമാറുകയും അരി തരാമെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടു പോയി ംൈഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്താല്‍ ശക്തമായ മറുപടിയുണ്ടാകും എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. റിസോര്‍ട്ടിലെ ആക്രമണം എന്തിന് എന്ന് വിശദീകരിച്ചു കൊണ്ടാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെയായിരുന്നു ആക്രമണം.

പോസ്റ്ററിലെ വാചകങ്ങള്‍ ഇങ്ങനെ

”അട്ടമലയിലെ റിസോര്‍ട്ട് ആക്രമണം എന്തിന്?

– കഴിഞ്ഞ സീസണില്‍ അട്ടമല ആദിവാസി കോളനിയിലെ സ്ത്രീകളെ വഴിയില്‍ തടഞ്ഞ് അരിയും മറ്റും നല്‍കാമെന്ന് പറഞ്ഞ് റിസോര്‍ട്ടിന് അടുത്തേക്ക് വിളിച്ച് ലൈംഗികമായി ചൂഷണം ചെയ്യാനുള്ള ടൂറിസ്റ്റുകളുടെ ആഗ്രഹത്തിന് ഒത്താശ ചെയ്യുന്ന റിസോര്‍ട്ട് നടത്തിപ്പുകാരുടെ ഗൂഢ പദ്ധതിക്കെതിരായാണ് ഈ ആക്രമണം.
– ആദിവാസികള്‍ ആരുടെയും കച്ചവടവസ്തുവല്ല.
– ആദിവാസികളെ ടൂറിസ്റ്റുകളുടെ കാഴ്ചവസ്തുവാക്കുന്ന സര്‍ക്കാര്‍, ടൂറിസം മാഫിയക്ക് എതിരെ ഒന്നിക്കുക.
– ആദിവാസി കോളനി പരിസരത്തു നിന്ന് മുഴുവന്‍ റിസോര്‍ട്ടുകാരെയും അടിച്ചോടിക്കുക.

എന്ന് സിപിഐ (മാവോയിസ്റ്റ്), നാടുകാണി ഏരിയ സമിതി