കള്ള് കുടിക്കുന്നതു കൊണ്ട് രാജുവിനെ കള്ളനെന്ന് വിളിക്കുമായിരിക്കും; സത്യത്തില്‍ രാജു വിശുദ്ധനാണെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

യാക്കോബായ ബിഷപ്പ് ഗീവര്ഗീസ് മാര് കൂറിലോസും രാജുവിനെ അഭിനന്ദിച്ച് രംഗത്തെത്തി.
 | 
കള്ള് കുടിക്കുന്നതു കൊണ്ട് രാജുവിനെ കള്ളനെന്ന് വിളിക്കുമായിരിക്കും; സത്യത്തില്‍ രാജു വിശുദ്ധനാണെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

സിസ്റ്റര്‍ അഭയ കേസില്‍ പ്രതികള്‍ക്ക് ശിക്ഷ ലഭിക്കാന്‍ കാരണമായത് സാക്ഷിയായ അടയ്ക്കാ രാജുവിന്റെ മൊഴിയാണ്. മുന്‍പ് മോഷ്ടാവായിരുന്ന രാജു തന്റെ മൊഴിയില്‍ ഉറച്ചു നിന്നതാണ് അഭയയ്ക്ക് നീതി ലഭിക്കാന്‍ കാരണമായത്. രാജുവിനെ നിരവധി പേരാണ് അഭിനന്ദിക്കുന്നത്. യാക്കോബായ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസും രാജുവിനെ അഭിനന്ദിച്ച് രംഗത്തെത്തി.

‘കള്ള്’ കുടിക്കുന്നത് കൊണ്ട് ഒരു പക്ഷെ രാജുവിനെ ‘കള്ളന്‍’ എന്ന് വിളിക്കാമായിരിക്കും. സത്യത്തില്‍ രാജു വിശുദ്ധനാണ്, സല്യൂട്ട് എന്ന് മാര്‍ കൂറിലോസ് ഫെയിസ്ബുക്കില്‍ എഴുതി. കേസിലെ മൂന്നാം സാക്ഷിയായ രാജു അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ സിസ്റ്റര്‍ സെഫിയെയും ഫാ.കോട്ടൂരിനെയും കോണ്‍വെന്റില്‍ കണ്ടിരുന്നു എന്ന് സിബിഐ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

എന്റെ കുഞ്ഞിന് നീതി കിട്ടിയെന്നായിരുന്നു വിധിക്ക് ശേഷം രാജു പ്രതികരിച്ചത്. മൊഴി മാറ്റാന്‍ തനിക്ക് കോടികളായിരുന്നു ഓഫര്‍ എന്നും താന്‍ അത് സ്വീകരിച്ചില്ലെന്നും പറഞ്ഞ രാജു ഇപ്പോഴും താന്‍ കോളനിയിലെ മൂന്ന് സെന്റിലാണ് താമസിക്കുന്നതെന്നും മാധ്യമങ്ങളോട് പറഞ്ഞു.