വാഹന മേഖലയിലെ പ്രതിസന്ധി; മാരുതി രണ്ട് ദിവസം ഉദ്പാദനം നിര്‍ത്തി വെക്കുന്നു

വാഹന മേഖലയില് തുടരുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തില് മാരുതി രണ്ട് ദിവസം ഉദ്പാദനം നിര്ത്തി വെക്കുന്നു.
 | 
വാഹന മേഖലയിലെ പ്രതിസന്ധി; മാരുതി രണ്ട് ദിവസം ഉദ്പാദനം നിര്‍ത്തി വെക്കുന്നു

ന്യൂഡല്‍ഹി: വാഹന മേഖലയില്‍ തുടരുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മാരുതി രണ്ട് ദിവസം ഉദ്പാദനം നിര്‍ത്തി വെക്കുന്നു. സെപ്റ്റംബര്‍ 7, സെപ്റ്റംബര്‍ 9 തിയതികളില്‍ തങ്ങളുടെ ഗുരുഗ്രാ, മനേസര്‍ പ്ലാന്റുകളില്‍ ഉദ്പാദനം നിര്‍ത്തിവെക്കുകയാണെന്ന് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിനെ മാരുതി സുസുകി ഇന്ത്യ അറിയിച്ചു. ഈ ദിവസങ്ങള്‍ ഉദ്പാദന രഹിത ദിനങ്ങളായിരിക്കുമെന്ന് കമ്പനി വിശദീകരിച്ചു.

ഇതേത്തുടര്‍ന്ന് 3.72 ശതമാനത്തിന്റെ ഇടിവാണ് മാരുതി ഓഹരികളിലുണ്ടായത്. കഴിഞ്ഞ മാസത്തെ മൊത്തം വില്‍പനയില്‍ 32.7 ശതമാനം ഇടിവാണ് കമ്പനിക്കുണ്ടായത്. ആഭ്യന്തര വിപണിയില്‍ 36.14 ശതമാനത്തിന്റെ ഇടിവുണ്ടായി. 93,173 വാഹനങ്ങള്‍ മാത്രമാണ് വിറ്റഴിഞ്ഞത്. ഓഗസ്റ്റില്‍ 1,11,370 യൂണിറ്റുകളാണ് ഉദ്പാദിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 1,68,725 യൂണിറ്റുകളായിരുന്നു.

കഴിഞ്ഞ മാസത്തെ പാസഞ്ചര്‍ വാഹനങ്ങളുടെ ഉദ്പാദനം 1,10,214 യൂണിറ്റുകളാണ്. അതേസമയം, മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 1,66,161 യൂണിറ്റുകള്‍ ഉദ്പാദിപ്പിച്ചു. ജൂലൈയില്‍ മാരുതി സുസുകി ഉദ്പാദനത്തില്‍ 25.15 ശതമാനം കുറവ് വരുത്തിയിരുന്നു.