പ്രതിപക്ഷനേതാവ് മുങ്ങിച്ചാവാന്‍ പോകുമ്പോള്‍ എവിടെയെങ്കിലും പിടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്; പ്രതികരിച്ച് മേഴ്‌സിക്കുട്ടിയമ്മ

രമേശ് ചെന്നിത്തല ഉന്നയിച്ച അഴിമതിയാരോപണത്തില് പ്രതികരണവുമായി ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ
 | 
പ്രതിപക്ഷനേതാവ് മുങ്ങിച്ചാവാന്‍ പോകുമ്പോള്‍ എവിടെയെങ്കിലും പിടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്; പ്രതികരിച്ച് മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: രമേശ് ചെന്നിത്തല ഉന്നയിച്ച അഴിമതിയാരോപണത്തില്‍ പ്രതികരണവുമായി ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. പ്രതിപക്ഷനേതാവ് അസംബന്ധം വിളിച്ചു പറയുകയാണെന്ന് മന്ത്രി പറഞ്ഞു. അത്തരത്തില്‍ ഒരു കമ്പനിക്ക് അനുമതികളോ രജിസ്‌ട്രേഷനോ നല്‍കിയിട്ടില്ല. ഫിഷറീസ് വകുപ്പ് അറിയാതെ ഇത്തരത്തില്‍ ഒരു കരാറുണ്ടാവില്ല. മുങ്ങിച്ചാവാന്‍ പോകുമ്പോള്‍ എവിടെയെങ്കിലും പിടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് പ്രതിപക്ഷനേതാവെന്നും അവര്‍ പറഞ്ഞു.

ചെന്നിത്തല ഉന്നയിച്ച ആരോപണത്തെക്കുറിച്ച് തനിക്ക് ധാരണയില്ല. എന്ത് കരാര്‍, ഏത് ഉത്തരവ്, ആര് ഒപ്പിട്ടുവെന്നു അവര്‍ ചോദിച്ചു. വ്യവസായ വകുപ്പുമായി കരാറില്‍ ഏര്‍പ്പെട്ടോ എന്നത് പ്രശ്‌നമല്ല. ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കേണ്ടത് ഫിഷറീസ് വകുപ്പാണ്. വകുപ്പിന് മുന്നില്‍ അത്തരമൊരു അപേക്ഷില്ലെന്നും വിദേശ ട്രോളറുകള്‍ക്ക് കേരളതീരത്ത് അനുമതി നല്‍കുന്ന പ്രശ്‌നമില്ലെന്നും അവര്‍ വ്യക്തമാക്കി.

പ്രതിപക്ഷ നേതാവിന് എന്തെങ്കിലുമൊക്കെ ബോംബ് പൊട്ടിച്ചു പോകണമെന്ന അത്യാര്‍ത്തി കൊണ്ടു പറയുന്നതാണ്. ഇതൊന്നും കേരളത്തില്‍ ഏശാന്‍ പോകുന്നില്ല. മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാമെന്ന വ്യാമോഹത്തോടെയാണ് ഈ പണിയുമായി ഇറങ്ങിത്തിരിച്ചതെങ്കില്‍, ആ വെച്ച പരിപ്പ് വാങ്ങിവെച്ചേക്കെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.