ബാർ കോഴ: മന്ത്രി ബാബുവിനെതിരെ പ്രത്യേക അന്വേഷണം വേണ്ടെന്ന് നിയമോപദേശം

ബാർ കോഴ ആരോപണ കേസിൽ എക്സൈസ് മന്ത്രി ബാബുവിനെതിരെ പ്രത്യേക അന്വേഷണം വേണ്ടെന്ന് നിയമോപദേശം. ബാർ ഉടമ ബിജു രമേശ് നൽകിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിൽ മന്ത്രി ബാബുവിനെതിരെ പ്രത്യേക അന്വേഷണം നടത്തേണ്ടതില്ലെന്ന് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് വിജിലൻസിന് നിയമോപദേശം നൽകിയത്.
 | 
ബാർ കോഴ: മന്ത്രി ബാബുവിനെതിരെ പ്രത്യേക അന്വേഷണം വേണ്ടെന്ന് നിയമോപദേശം

 

തിരുവനന്തപുരം: ബാർ കോഴ ആരോപണ കേസിൽ എക്‌സൈസ് മന്ത്രി ബാബുവിനെതിരെ പ്രത്യേക അന്വേഷണം വേണ്ടെന്ന് നിയമോപദേശം. ബാർ ഉടമ ബിജു രമേശ് നൽകിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിൽ മന്ത്രി ബാബുവിനെതിരെ പ്രത്യേക അന്വേഷണം നടത്തേണ്ടതില്ലെന്ന് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് വിജിലൻസിന് നിയമോപദേശം നൽകിയത്. മന്ത്രി ബാബുവിനെതിരായ ആരോപണങ്ങൾ നിലവിലുള്ള കേസിന്റെ ഭാഗമായി അന്വേഷിച്ചാൽ മതിയെന്നും നിയമോപദേശത്തിൽ പറയുന്നു.

മന്ത്രി ബാറുടമകളിൽ നിന്ന് 10 കോടി രൂപ കോഴയായി വാങ്ങിയെന്ന് ബിജു രമേശ് വിജിലൻസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബാബുവിനെതിരെ അന്വേഷണം വേണമെന്നും ക്വിക്ക് വേരിഫിക്കേഷൻ അടക്കമുള്ളവ നടത്തണമെന്നും ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ കത്തയച്ചിരുന്നു. ഇതേത്തുടർന്നാണ് വിജിലൻസ് നിയമോപദേശം തേടിയത്.

അതേസമയം ബാർ കോഴ ആരോപണത്തിൽ താൻ രാജിവെക്കേണ്ട ആവശ്യമില്ലെന്ന് മന്ത്രി കെ.ബാബു പറഞ്ഞു. താൻ പണം വാങ്ങിയിട്ടില്ല. ബിജു രമേശിന്റേത് ബ്ലാക്‌മെയിലിങാണ്. ആർക്കാണ് എവിടെവച്ചാണ് പണം നൽകിയതെന്ന് പറയേണ്ട ഉത്തരവാദിത്തം ബിജു രമേശിനുണ്ടെന്നും മന്ത്രി പറഞ്ഞു. ആരോപണം തന്റെ പ്രതിച്ഛായ നഷ്ടപ്പെടുന്ന അവസ്ഥയിൽ എത്തിച്ചെന്നും തേജോവധം ചെയ്യുന്നത് വേദനയുണ്ടാക്കുന്നുവെന്നും ബാബു വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.