തിരുവാഭരണ ഘോഷയാത്രയോട് അനുബന്ധിച്ച് മത്സ്യ-മാംസ വ്യാപാര നിരോധനം; വിശദീകരണം തേടി മന്ത്രിയുടെ ഓഫീസ്

ശബരിമലയിലേക്കുള്ള തിരുവാഭരണ ഘോഷയാത്ര കടന്നു പോകുന്നതിനോട് അനുബന്ധിച്ച് മത്സ്യ-മാംസ വ്യാപാരം നിരോധിച്ച നടപടിയില് വിശദീകരണം തേടി മന്ത്രി എ.സി.മൊയ്തീന്റെ ഓഫീസ്.
 | 
തിരുവാഭരണ ഘോഷയാത്രയോട് അനുബന്ധിച്ച് മത്സ്യ-മാംസ വ്യാപാര നിരോധനം; വിശദീകരണം തേടി മന്ത്രിയുടെ ഓഫീസ്

പത്തനംതിട്ട: ശബരിമലയിലേക്കുള്ള തിരുവാഭരണ ഘോഷയാത്ര കടന്നു പോകുന്നതിനോട് അനുബന്ധിച്ച് മത്സ്യ-മാംസ വ്യാപാരം നിരോധിച്ച നടപടിയില്‍ വിശദീകരണം തേടി മന്ത്രി എ.സി.മൊയ്തീന്റെ ഓഫീസ്. വടശ്ശേരിക്കര ഗ്രാമപഞ്ചായത്താണ് ഇന്നലെയും ഇന്നുമായി മത്സ്യ-മാംസ വ്യാപാരം നിര്‍ത്തണമെന്ന് നോട്ടീസ് നല്‍കിയത്. അതേസമയം ഇത് വര്‍ഷങ്ങളായി തുടരുന്ന നടപടിയാണെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ഓഫീസിന് പഞ്ചായത്ത് നല്‍കുന്ന വിശദീകരണം.

ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് അനാവശ്യ വിവാദമാണെന്നും പഞ്ചായത്ത് അധികൃതര്‍ പറയുന്നു. പഞ്ചായത്ത് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. മുന്‍പ് ഘോഷയാത്രക്കിടയില്‍ തീര്‍ത്ഥാടകര്‍ കുളിക്കുമ്പോള്‍ നദിയില്‍ അറവ് മാലിന്യവും മറ്റും തള്ളിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അതിന് ശേഷമാണ് ഇത്തരത്തില്‍ നിര്‍ദേശം നല്‍കുന്നതെന്നും പഞ്ചായത്ത് സെക്രട്ടറി വിശദീകരിക്കുന്നു.

ശബരിമല മകരവിളക്ക് മഹോത്സവം പ്രമാണിച്ച് തിരുവാഭരണ ഘോഷയാത്ര കടന്നു പോകുന്നതിനാല്‍ വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിലെ ഇറച്ചിക്കടകള്‍, കോഴിക്കടകള്‍, മത്സ്യവ്യാപാരം ചെയ്യുന്ന കടകള്‍ എന്നിവയുടെ പ്രവര്‍ത്തനം 13, 14 തിയതികളില്‍ നിര്‍ത്തി വെക്കണമെന്നായിരുന്നു പഞ്ചായത്തിന്റെ നിര്‍ദേശം.