കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു; ബിജെപി നേതാവ് സി.കൃഷ്ണകുമാറിന്റെ ഭാര്യ മിനിക്കെതിരെ പരാതി നല്‍കി മാതാവ്

ബിജെപി സംസ്ഥാന ജനറല് സെക്രട്ടറി സി.കൃഷ്ണകുമാറിന്റെ ഭാര്യയും പാലക്കാട് നഗരസഭയില് ബിജെപി സ്ഥാനാര്ത്ഥിയുമായ മിനി കൃഷ്ണകുമാര് അപായപ്പെടുത്താന് ശ്രമിച്ചുവെന്ന പരാതിയുമായി മാതാവ്.
 | 
കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു; ബിജെപി നേതാവ് സി.കൃഷ്ണകുമാറിന്റെ ഭാര്യ മിനിക്കെതിരെ പരാതി നല്‍കി മാതാവ്

പാലക്കാട്: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാറിന്റെ ഭാര്യയും പാലക്കാട് നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുമായ മിനി കൃഷ്ണകുമാര്‍ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയുമായി മാതാവ്. ഇന്നലെ രാത്രി തന്നെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് മാതാവ് സി.കെ.വിജയകുമാരി പോലീസില്‍ പരാതി നല്‍കിയത്. കൃഷ്ണകുമാറിനും മിനിക്കും എതിരെ വിജയകുമാരിയും മറ്റൊരു മകളായ സിനിയും ഇന്നലെ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.

ഇന്നലെ രാത്രി റോഡരികില്‍ നിന്ന തന്റെ നേരെ മിനി അമിത വേഗതയില്‍ കാറോടിച്ച് വന്നുവെന്നും അസഭ്യം പറഞ്ഞുവെന്നുമാണ് പരാതിയില്‍ പറയുന്നത്. ഈ പരാതി ഒതുക്കിത്തീര്‍ക്കാന്‍ പാലക്കാട് നോര്‍ത്ത് പോലീസ് ശ്രമിച്ചെന്ന് സിനി പറഞ്ഞു. സ്വത്ത് തട്ടിയെടുക്കാന്‍ കൃഷ്ണകുമാര്‍ തന്നെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയാണെന്നായിരുന്നു സിനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. വിജയകുമാരിയുടെ പേരില്‍ ബാങ്കിലുണ്ടായിരുന്ന 15 ലക്ഷം രൂപ കൃഷ്ണകുമാര്‍ തട്ടിയെടുത്തെന്ന് സിനി ആരോപിച്ചു.

അക്കാര്യം ചോദ്യം ചെയ്ത തന്നെ ഭീഷണിപ്പെടുത്തി. തന്റെ പിതാവ് രോഗബാധിതനായി കിടന്നപ്പോള്‍ തെറ്റിദ്ധരിപ്പിച്ച് ഒപ്പ് വാങ്ങുകയും തങ്ങളെ വീട്ടില്‍ നിന്ന് ഇറക്കി വിടാന്‍ ശ്രമിക്കുകയും ചെയ്തു. നാട്ടുകാര്‍ക്ക് മുന്നില്‍ വെച്ചു പോലും കൃഷ്ണകുമാര്‍ തന്നെ മര്‍ദ്ദിച്ചു. എംബിഎ ബിരുദമുള്ള തനിക്ക് ഒരു സ്ഥാപനവും ജോലി നല്‍കുന്നില്ല. എവിടെയെങ്കിലും ജോലി കിട്ടിയാല്‍ അടുത്ത ദിവസം ഒഴിവാക്കുകയാണ്.

ഈ വിഷയം അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷനെ അറിയിച്ചിരുന്നു. എന്നാല്‍ കുടുംബ പ്രശ്നങ്ങള്‍ പാര്‍ട്ടിയിലേക്ക് വലിച്ചിഴയ്ക്കുന്നത് എന്തിനാണെന്ന ചോദ്യമായിരുന്നു പ്രതികരണം. ജില്ലയിലെ ബിജെപി ആര്‍എസ്എസ് നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നും സിനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ ഈ സംഭവങ്ങളില്‍ പ്രതികരിക്കാനില്ലെന്ന് സി.കൃഷ്ണകുമാറും മിനി കൃഷ്ണകുമാറും പറഞ്ഞു.