36 വർഷത്തിന് ശേഷം മുല്ലപ്പെരിയാർ 136 അടിക്ക് മുകളിലേക്ക്; സുരക്ഷ ശക്തമാക്കി

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് അതിവേഗം ഉയരുന്നത് കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി ദേശീയ സുരക്ഷാ സൈനികർ (എൻ.എസ്.ജി) ഡാമിൽ പരിശോധന നടത്തി. കേരളത്തിലെയും തമിഴ്നാട്ടിലേയും ഉയർന്ന ഉദ്യോഗസ്ഥരും സംഘത്തിൽ ഉണ്ടായിരുന്നു. സംഘം ഇടുക്കി ഡാമും സന്ദർശിച്ചു.
 | 
36 വർഷത്തിന് ശേഷം മുല്ലപ്പെരിയാർ 136 അടിക്ക് മുകളിലേക്ക്; സുരക്ഷ ശക്തമാക്കി


കുമളി:
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് അതിവേഗം ഉയരുന്നത് കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി ദേശീയ സുരക്ഷാ സൈനികർ (എൻ.എസ്.ജി) ഡാമിൽ പരിശോധന നടത്തി. കേരളത്തിലെയും തമിഴ്‌നാട്ടിലേയും ഉയർന്ന ഉദ്യോഗസ്ഥരും സംഘത്തിൽ ഉണ്ടായിരുന്നു. സംഘം ഇടുക്കി ഡാമും സന്ദർശിച്ചു.

ഡാമിലെ ജലനിരപ്പ് ഇന്നലെ 132 അടിയാണ്. ഏതാനും ദിവസങ്ങൽക്കുള്ളിൽ ഇത് 136 ആകുമെന്നാണ് കണക്കാക്കുന്നത്. 2429 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഓരോ സെക്കന്റിലും ഒഴുകിയെത്തുന്നത്. 456 ഘനയടി വെള്ളം തമിഴ്‌നാട്ടിലേക്ക് തുറന്നുവിടുന്നുമുണ്ട്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ വരും ദിവസങ്ങളിൽ തന്നെ ഡാം 136 അടിക്കപ്പുറം പോയേക്കാം. 142 അടി വെള്ളം വരെ സംഭരിക്കാനാണ് സുപ്രീം കോടതി അനുമതി നൽകിയിരിക്കുന്നത്. ഈ സീസണിൽ ഈ തോതിൽ വെള്ളുമുയർന്നേക്കാം എന്നാണ് സൂചന. അങ്ങനെയെങ്കിൽ 36 വർഷങ്ങൾക്ക് ശേഷമാകും അത് സംഭവിക്കുന്നത്.

മുല്ലപ്പെരിയാർ ഡാമിന്റെ സംഭരണ ശേഷി 1979 മുതൽ 136 അടിയായി നിജപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച് തമിഴ്‌നാട് ഉന്നയിച്ച പരാതികൾ പല തവണ കോടതികൾ തള്ളിക്കളയുകയും ചെയ്തിരുന്നു. പഴയ ജലനിരപ്പായ 142 ലേക്ക് ഡാമിന്റെ സംഭരണ ശേഷി ഉയർത്തണം എന്നതായിരുന്നു തമിഴ്‌നാടിന്റെ ആവശ്യം. വർഷങ്ങൾ നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ ഈ വർഷം സുപ്രീം കോടതിയിലെ ഭരണഘടനാ ബഞ്ച് ഇത് അനുവദിച്ചു. ഡാമിലെ ജലനിരപ്പ് 142 അടിയാക്കിയാൽ ദുരന്ത കാരണമാകുമെന്ന് കേരളം ആവർത്തിച്ച് പറഞ്ഞിട്ടും ഇത് അവഗണിച്ചാണ് കോടതി വിധി ഉണ്ടായത്.

ഇതുവരെയുണ്ടായിരുന്ന ജലനിരപ്പിന് മുകളിലേക്ക് വെള്ളം ഉയരുന്നത് കണക്കിലെടുത്താണ് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നത്. ഡാമിന്റെ ഷട്ടറുകൾ ഏത് നിമിഷവും ഉയർത്തേണ്ടി വന്നേക്കാം എന്നത് കണക്കിലെടുത്ത് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കണമെന്ന് സുരക്ഷാ സംഘം ഡാം അധികൃതരോട് ആവശ്യപ്പെട്ടു. സുപ്രീം കോടതി നിയോഗിച്ച് ഉന്നത തല സമിത് നവംബർ മൂന്നിന് ഡാം സന്ദർശിക്കുന്നുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താനാണ് സന്ദർശനം.