അങ്കത്തിനൊരുങ്ങി മുല്ലപ്പള്ളി? കല്‍പ്പറ്റയില്‍ മത്സരിക്കുമെന്ന് സൂചന

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് മത്സരിച്ചേക്കുമെന്ന് സൂചന.
 | 
അങ്കത്തിനൊരുങ്ങി മുല്ലപ്പള്ളി? കല്‍പ്പറ്റയില്‍ മത്സരിക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിച്ചേക്കുമെന്ന് സൂചന. മത്സരിക്കുന്നത് സംബന്ധിച്ച് ഹൈക്കമാന്‍ഡുമായി മുല്ലപ്പള്ളി ചര്‍ച്ച നടത്തി. കൊയിലാണ്ടി, കല്‍പ്പറ്റ എന്നിവയില്‍ ഏതെങ്കിലും സീറ്റില്‍ മത്സരിക്കാനാണ് നീക്കം. ഇവയില്‍ സുരക്ഷിതമെന്ന് യുഡിഎഫ് കരുതുന്ന കല്‍പ്പറ്റയ്ക്കായിരിക്കും കൂടുതല്‍ സാധ്യത.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച ചര്‍ച്ചകള്‍ ഇന്നലെ ഡല്‍ഹിയില്‍ നടന്നിരുന്നു. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മത്സരിക്കണമെന്ന് ചര്‍ച്ചകളില്‍ തീരുമാനമായിരുന്നു. വിജയ സാധ്യതയുള്ള മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കണമെന്ന നിലപാടാണ് ഹൈക്കമാന്‍ഡിനുള്ളത്. അതുകൊണ്ടു തന്നെ മുല്ലപ്പള്ളി മത്സരിക്കുന്നതില്‍ ഹൈക്കമാന്‍ഡിന് വിയോജിപ്പില്ല.

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും മുല്ലപ്പള്ളി മത്സരിക്കുന്നതിനെ അനുകൂലിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ എന്നിവരും അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിഗണിച്ച ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് സ്വീകരിക്കൂ.