രമേശ് ചെന്നിത്തലയ്ക്ക് എതിരായ വിജിലന്‍സ് അന്വേഷണം; മുഖ്യമന്ത്രിക്ക് സമനില തെറ്റിയിരിക്കുകയാണെന്ന് മുല്ലപ്പള്ളി

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കും മറ്റു നേതാക്കള്ക്കും എതിരെ വിജിലന്സ് അന്വേഷണത്തിന് അനുമതി നല്കിയ സംഭവത്തില് പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.
 | 
രമേശ് ചെന്നിത്തലയ്ക്ക് എതിരായ വിജിലന്‍സ് അന്വേഷണം; മുഖ്യമന്ത്രിക്ക് സമനില തെറ്റിയിരിക്കുകയാണെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കും മറ്റു നേതാക്കള്‍ക്കും എതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അഴിമതിയുടെ ശരശയ്യയില്‍ കിടക്കുന്ന മുഖ്യമന്ത്രിക്ക് സമനില തെറ്റിയിരിക്കുകയാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. പ്രതിപക്ഷ നേതാക്കളെ വൈരനിര്യാതന ബുദ്ധിയോടെ കേസില്‍ കുടുക്കുകയാണെന്നും ഇതിനെ ശക്തമായി ചെറുക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. പ്രതികാര നടപടിയിലൂടെ പ്രതിപക്ഷത്തെ നിശബ്ദമാക്കാന്‍ കഴിയില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

അഴിമതിയുടെ കാണാപ്പുറങ്ങള്‍ സമൂഹത്തിന് മുന്നില്‍ തുറന്നു കാട്ടിയ നേതാവാണ് ചെന്നിത്തല. അദ്ദേഹം ഉയര്‍ത്തിയ ആരോപണങ്ങള്‍ ഈ സര്‍ക്കാരിന് തള്ളിക്കളയാന്‍ സാധിക്കില്ല. ജോസ് കെ.മാണി 10 കോടി വാഗ്ദാനം ചെയ്തത് സംബന്ധിച്ച് എന്തുകൊണ്ട് അന്വേഷണമില്ലെന്നും മുല്ലപ്പള്ളി ചോദിച്ചു. രമേശ് ചെന്നിത്തല, മുന്‍ മന്ത്രിമാരായ കെ.ബാബു, വി.എസ്.ശിവകുമാര്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി അനുമതി നല്‍കിയിരുന്നു.

ബാര്‍കോഴ വിവാദത്തില്‍ ബിജു രമേശ് നടത്തിയ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം. പൂട്ടിക്കിടന്ന ബാറുകള്‍ തുറക്കുന്നതിനായി ബാറുടമകളില്‍ നിന്ന് പിരിച്ചെടുത്ത 10 കോടി രൂപയില്‍ ഒരു കോടി ചെന്നിത്തലയ്ക്കും 50 ലക്ഷം കെ.ബാബുവിനും 25 ലക്ഷം ശിവകുമാറിനും നല്‍കിയെന്നായിരുന്നു വെളിപ്പെടുത്തല്‍.