ഒന്നര വയസുള്ള കുട്ടി ജീപ്പില്‍ നിന്ന് വീണ സംഭവം; മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തു

ഇക്കഴിഞ്ഞ ഞായറാഴ്ച്ച 10 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
 | 
ഒന്നര വയസുള്ള കുട്ടി ജീപ്പില്‍ നിന്ന് വീണ സംഭവം; മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തു

ഇടുക്കി: മൂന്നാറിനടുത്ത് ഒന്നര വയസ് പ്രായമായ കുട്ടി ജീപ്പില്‍ നിന്ന് തെറിച്ച് വീണ സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. അശ്രദ്ധ കാരണം കുട്ടിയുടെ ജീവന്‍ അപകടത്തിലാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് എടുത്തിരിക്കുന്നത്. നേരത്തെ കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം മാതാപിതാക്കള്‍ക്ക് കൈമാറായിരുന്നു. കുട്ടിയുടെ അച്ഛന്റെയും അമ്മയുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

അറസ്റ്റുണ്ടാകുമോയെന്ന കാര്യം വ്യക്തമല്ല. ഇക്കഴിഞ്ഞ ഞായറാഴ്ച്ച 10 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്ന ജീപ്പില്‍ നിന്ന് ഒന്നര വയസുള്ള കുട്ടി തെറിച്ചു വീഴുകയായിരുന്നു. ഇടുക്കി രാജമല ഫോറസ്റ്റ് ചെക്ക്പോസ്റ്റിന് സമീപമായിരുന്നു സംഭവം. വീഴ്ച്ചയില്‍ കാര്യമായൊന്നും സംഭവിക്കാതിരുന്നതോടെ കുഞ്ഞ് ഇഴഞ്ഞ് വനംവകുപ്പിന്റെ ചെക്ക് പോസ്റ്റിലേക്ക് എത്തി. ഡ്യൂട്ടിലിയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ കുഞ്ഞിനെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

കുഞ്ഞ് വീണത് ഉറക്കത്തില്‍ അറിഞ്ഞില്ലെന്നാണ് മാതാപിതാക്കള്‍ അറിയിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കുഞ്ഞിനെ പിന്നീട് പോലീസിന് കൈമാറി. ഓടിക്കൊണ്ടിരിക്കുന്ന ജീപ്പില്‍ നിന്ന് കുട്ടി റോഡില്‍ വീഴുന്നതും ഇഴഞ്ഞ് നടക്കുന്നതും ചെക്ക് പോസ്റ്റിലെ സിസിടിവി ക്യാമററയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ പിന്നീട് പുറത്തുവന്നു.