മുത്തൂറ്റ് സമരം; എറണാകുളത്ത് ജീവനക്കാരും സമരാനുകൂലികളും തമ്മില്‍ സംഘര്‍ഷം

മുത്തൂറ്റ് ഫിനാന്സില് സമരം ചെയ്യുന്ന സിഐടിയു അനുകൂലികളും ജോലിക്കെത്തിയവരും തമ്മില് സംഘര്ഷം.
 | 
മുത്തൂറ്റ് സമരം; എറണാകുളത്ത് ജീവനക്കാരും സമരാനുകൂലികളും തമ്മില്‍ സംഘര്‍ഷം

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സില്‍ സമരം ചെയ്യുന്ന സിഐടിയു അനുകൂലികളും ജോലിക്കെത്തിയവരും തമ്മില്‍ സംഘര്‍ഷം. കൊച്ചിയിലെ മുത്തൂറ്റ് ഫിനാന്‍സ് ഹെഡ് ഓഫീസിന് മുന്നിലാണ് ഇരു വിഭാഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായത്. ജോലിക്കെത്തിയവരെ സമരാനുകൂലികള്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്. ജീവനക്കാരെ ഓഫീസില്‍ കയറാന്‍ അനുവദിക്കില്ലെന്നാണ് സിഐടിയു നിലപാട്.

സമരത്തില്‍ പങ്കെടുക്കാത്തവര്‍ തങ്ങളെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യപ്പെട്ടു. മൂന്ന് മണിക്കൂറോളം ഓഫീസിന് മുന്നില്‍ കാത്തുനിന്ന ശേഷം ഇവര്‍ പോലീസ് കമ്മീഷണറെ സമീപിച്ചു. പിന്നീട് പോലീസ് സംരക്ഷണയില്‍ ഓഫീസിലെത്തിയ ജീവനക്കാര്‍ സമരക്കാര്‍ക്കെതിരെ പ്രതിഷേധിക്കുകയും ഓഫീസില്‍ പ്രവേശിക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്.

സമരം തുടര്‍ന്നാല്‍ ശാഖകള്‍ അടച്ച് പൂട്ടുമെന്ന് മാനേജ്‌മെന്റ് അറിയിച്ചതിനെത്തുടര്‍ന്നാണ് ഒരു വിഭാഗം ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കാന്‍ തയ്യാറായത്. രണ്ടാഴ്ചയായി തുടരുന്ന സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മുത്തൂറ്റ് ഫിനാന്‍സ് ഹെഡ് ഓഫീസിലേക്കും സമരം വ്യാപിപ്പിച്ചത്. ഹെഡ് ഓഫീസിലെ ജീവനക്കാര്‍ സമരത്തിന് എതിരാണെന്നാണ് മാനേജ്‌മെന്റ് പറയുന്നത്.

സമരം നടത്തുന്നത് പുറത്തു നിന്നുള്ളവരാണെന്നും അവര്‍ക്ക് ജീവനക്കാരുടെ പിന്തുണയില്ലെന്നും മാനേജ്‌മെന്റ് ആരോപിക്കുന്നു. ശമ്പള വര്‍ദ്ധനയുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മുത്തൂറ്റ് ഫിനാന്‍സില്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ സമരം നടക്കുന്നത്.