എൻ. ശക്തൻ സ്പീക്കർ

എൻ ശക്തനെ നിയമസഭാ സ്പീക്കറായി തെരഞ്ഞെടുത്തു. 66 നെതിരെ 74 വോട്ടുകൾക്കാണ് ശക്തൻ പുതിയ സ്പീക്കറായത്. എൽ.ഡി.എഫലെ ഐഷാ പോറ്റിയായിരുന്നു എതിർ സ്ഥാനാർത്ഥി.
 | 

എൻ. ശക്തൻ സ്പീക്കർ

തിരുവനന്തപുരം: എൻ ശക്തനെ നിയമസഭാ സ്പീക്കറായി തെരഞ്ഞെടുത്തു. 66 നെതിരെ 74 വോട്ടുകൾക്കാണ് ശക്തൻ പുതിയ സ്പീക്കറായത്. എൽ.ഡി.എഫലെ ഐഷാ പോറ്റിയായിരുന്നു എതിർ സ്ഥാനാർത്ഥി. കേരള നിയമസഭയുടെ 21-ാമത് സ്പീക്കറാണ് ശക്തൻ. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്ത് നിന്നും സ്പീക്കറാകുന്ന ആദ്യ വ്യക്തിയാണ് ശക്തൻ.

പ്രോടേം സ്പീക്കർ ഡൊമിനിക് പ്രസന്റേഷന്റെ അദ്ധ്യക്ഷതയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കേരള കോൺഗ്രസ്(ബി) എൽഡിഎഫിന് വോട്ട് ചെയ്തു. സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ശക്തനെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും ചേർന്നു ചെയറിലേക്ക് ആനയിച്ചു.

സ്പീക്കർ ജി കാർത്തികേയന്റെ അഭാവത്തിൽ എൻ ശക്തനായിരുന്നു നിയമസഭാ നടപടികൾ നിയന്ത്രിച്ചിരുന്നത്. സഭ പ്രക്ഷുബ്ധമായ നിരവധി സാഹചര്യങ്ങൾ സംയമനത്തോടെ നിയന്ത്രിക്കാൻ ശക്തനു കഴിഞ്ഞിരുന്നു. നാളത്തെ ബജറ്റ് അവതരണമാണ് പുതിയ സ്പീക്കർക്ക് നേരിടേണ്ടിവരുന്ന ആദ്യ വെല്ലുവിളി. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾക്കാണ് പ്രതിപക്ഷവും ബിജെപിയും ഒരുങ്ങുന്നത്.

തിരുവനന്തപുരം കാഞ്ഞിരംകുളത്ത് 1951 മേയ് അഞ്ചിനാണ് എൻ. ശക്തന്റെ ജനനം. എം.എ, എൽഎൽബി ബിരുദങ്ങൾ നേടിയിട്ടുള്ള ശക്തൻ 13ാം കേരള നിയമസഭയിലേക്ക് എത്തുന്നത് കാട്ടാക്കട മണ്ഡലത്തിൽനിന്നാണ്.