ചാണക്യതന്ത്രമൊരുക്കാന്‍ കോണ്‍ഗ്രസ്; തരൂരിന്റെ വിജയമുറപ്പിക്കാന്‍ നാന പഠോളയെത്തും

തരൂരിന്റെ വിജയം ഉറപ്പാക്കാനുള്ള ചുമതല ഹൈക്കമാന്ഡ് ഏല്പ്പിച്ചിരിക്കുന്നത് നാനാ പഠോളയെന്ന് മഹാരാഷ്ട്രയിലെ തീപ്പൊരി നേതാവിനെയാണ്.
 | 
ചാണക്യതന്ത്രമൊരുക്കാന്‍ കോണ്‍ഗ്രസ്; തരൂരിന്റെ വിജയമുറപ്പിക്കാന്‍ നാന പഠോളയെത്തും

തിരുവനന്തപുരം: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ പ്രചാരണ പരിപാടികള്‍ക്ക് പുതിയ ചാണക്യ തന്ത്രമൊരുക്കി കോണ്‍ഗ്രസ്. തരൂരിന്റെ വിജയം ഉറപ്പാക്കാനുള്ള ചുമതല ഹൈക്കമാന്‍ഡ് ഏല്‍പ്പിച്ചിരിക്കുന്നത് നാനാ പഠോളയെന്ന് മഹാരാഷ്ട്രയിലെ തീപ്പൊരി നേതാവിനെയാണ്. തുടര്‍ച്ചയായി 10 വര്‍ഷക്കാലം മന്‍മോഹന്‍ ഭരണത്തിന് ശേഷം കോണ്‍ഗ്രസിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളില്‍ ഏറ്റവും പ്രതിഫലിക്കപ്പെട്ട മണ്ഡലങ്ങളിലൊന്നായിരുന്നു നാഗ്പൂര്‍. മണ്ഡലത്തിലെ കോണ്‍ഗ്രസ് വോട്ടുകളില്‍ വലിയ ചോര്‍ച്ചയുണ്ടാകുമെന്നും നിരീക്ഷകര്‍ അന്ന് പ്രവചിച്ചിരുന്നു. 2014ലെ മുന്‍തൂക്കം മുതലെടുക്കാന്‍ നിതിന്‍ ഗഡ്കരിയെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തു.

വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കോണ്‍ഗ്രസില്‍ വലിയ വോട്ട് ചോര്‍ച്ചയുണ്ടായില്ല. എന്നാല്‍ മൂന്ന് തവണ തുടര്‍ച്ചയായി കോണ്‍ഗ്രസ് വിജയിച്ച മണ്ഡലം കൈവിട്ടത് കോണ്‍ഗ്രസിന് വലിയ ക്ഷീണമുണ്ടാക്കിയിരുന്നു. ഇത്തവണ മണ്ഡലം തിരികെ പിടിക്കാന്‍ പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത് പഠോളയെയാണ്. ഗഡ്കരിയെ അട്ടിമറിക്കാന്‍ കഴിവുള്ള നേതാവാണ് പഠോളയെന്നാണ് നിരീക്ഷകരുടെയും കണക്ക് കൂട്ടല്‍. വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെയാണ് ദക്ഷിണേന്ത്യയിലെ തെരഞ്ഞെടുപ്പ് നിരീക്ഷണ ജോലിയും പഠോളയ്ക്ക് ലഭിച്ചത്. എ.കെ. ആന്റണി, മുകുള്‍ വാസ്‌നിക്, കെ.സി. വേണുഗോപാല്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് പഠോളയെ തിരുവനന്തപുരത്ത് നിരീക്ഷകനാക്കാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്.

സ്വന്തം പാളയത്തിലെ വോട്ട് കൃത്യമായി ഉറപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞാല്‍ തരൂര്‍ തിരുവനന്തപുരത്ത് വലിയ വിജയം സ്വന്തമാക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വിശ്വാസം. പഠോളയുടെ തന്ത്രങ്ങളാവും ഇനി തരൂരിന്റെ പ്രചാരണങ്ങളെ നയിക്കുക. കോണ്‍ഗ്രസില്‍ നിന്ന് ഒരിക്കല്‍ ബി.ജെ.പിയിലേക്ക് ചേക്കേറി വീണ്ടും തിരികെയെത്തിയ വ്യക്തി കൂടിയാണ് പഠോള. എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലിനെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പഠോള അട്ടിമറിച്ചിരുന്നു. തരൂര്‍ വിജയമുറപ്പിച്ചു കഴിഞ്ഞതായി നേരത്തെ കെ.പി.സി.സി അധ്യക്ഷന്‍് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.