ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ മാറ്റി; പാലത്തായി പീഡനക്കേസ് പുതിയ സംഘം അന്വേഷിക്കും

ബിജെപി നേതാവായ അധ്യാപകന് പ്രതിയായ പാലത്തായി പീഡനക്കേസില് അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിച്ചു.
 | 
ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ മാറ്റി; പാലത്തായി പീഡനക്കേസ് പുതിയ സംഘം അന്വേഷിക്കും

കണ്ണൂര്‍: ബിജെപി നേതാവായ അധ്യാപകന്‍ പ്രതിയായ പാലത്തായി പീഡനക്കേസില്‍ അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിച്ചു. ഐജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തെ മാറ്റിയാണ് പുതിയ സംഘത്തെ നിയമിച്ചത്. എഡിജിപി ജയരാജിന്റെ മേല്‍നോട്ടത്തില്‍ തളിപറമ്പ് ഡിവൈഎസ് പി രത്‌നകുമാര്‍ അന്വേഷണം നടത്തും. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് നടപടി.

ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും അമ്മ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഇതനുസരിച്ച് പുതിയ സംഘത്തെ നിയോഗിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പഴയ സംഘത്തിലെ ആരെയും പുതിയ അന്വേഷണ സംഘത്തില്‍ നിയോഗിക്കരുതെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.

ബിജെപി നേതാവായ അധ്യാപകന്‍ പദ്മരാജന്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്നാണ് കേസ്. കേസില്‍ ഇയാള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. പിന്നാലെ ഇയാളെ അനുകൂലിച്ച് ഐജി ശ്രീജിത്ത് നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തു വന്നിരുന്നു. ഈ ഓഡിയോയും ഹൈക്കോടതിയില്‍ പെണ്‍കുട്ടിയുടെ അമ്മ സമര്‍പ്പിച്ചിരുന്നു.