ശാന്ത നിര്‍ബന്ധിച്ച് മകളെയും മന്ത്രവാദിക്ക് കൊടുക്കാന്‍ ശ്രമിച്ചു; ലേഖയുടെ ആത്മഹത്യാക്കുറിപ്പിന്റെ പൂര്‍ണ്ണരൂപം

നെയ്യാറ്റിന്കരയില് ആത്മഹത്യ ചെയ്ത ലേഖയുടെയും മകള് വൈഷ്ണവിയുടെയും ആത്മഹത്യാക്കുറിപ്പ് പുറത്ത്.
 | 
ശാന്ത നിര്‍ബന്ധിച്ച് മകളെയും മന്ത്രവാദിക്ക് കൊടുക്കാന്‍ ശ്രമിച്ചു; ലേഖയുടെ ആത്മഹത്യാക്കുറിപ്പിന്റെ പൂര്‍ണ്ണരൂപം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത ലേഖയുടെയും മകള്‍ വൈഷ്ണവിയുടെയും ആത്മഹത്യാക്കുറിപ്പ് പുറത്ത്. തന്റെയും മകളുടെയും മരണത്തിന് കാരണം ഭര്‍ത്താവ് ചന്ദ്രനും അമ്മ കൃഷ്ണമ്മയും ഇവരുടെ സഹോദരിയായ ശാന്തയും ഭര്‍ത്താവ് കാശിയുമാണെന്ന് ലേഖ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. കൃഷ്ണമ്മ സ്ത്രീധനത്തിന്റെ പേരില്‍ തന്നെ വിഷം തന്ന് കൊല്ലാന്‍ നോക്കി. പിന്നീട് ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കാതെ മന്ത്രവാദികളുടെ അടുത്തു കൊണ്ടുപോയി. അതിനു ശേഷം തന്റെ വീട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. മകളെയും തന്നെയും കുറിച്ച് കൃഷ്ണമ്മയും ശാന്തയും അപവാദം പ്രചരിപ്പിക്കുകയാണെന്നും ശാന്ത തന്റെ ഭര്‍ത്താവിനെ നിര്‍ബന്ധിച്ച് മകളെ മന്ത്രവാദിക്ക് കൊടുക്കാന്‍ ശ്രമിച്ചെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

കുറിപ്പ് വായിക്കാം

എന്റെയും എന്റെ മകളുടെയും മരണകാരണം കൃഷ്ണമ്മ, ഭര്‍ത്താവ്, കാശി, ശാന്ത ഇവര്‍ ആണ്. ഞാന്‍ വന്ന കാലം മുതല്‍ അനുഭവിക്കുന്നതാണ്. ഈ ലോകം മുഴുവന്‍ എന്നെയും മകളെയും പറ്റി പറഞ്ഞു നടക്കുന്നത് കൃഷ്ണമ്മയും ശാന്തയും കൂടിയാണ്. എന്നെ സ്ത്രീധനത്തിന്റെ പേരില്‍ കൃഷ്ണമ്മ വിഷം തന്ന് കൊല്ലാന്‍ നോക്കി.

എന്റെ ജീവന്‍ രക്ഷിക്കാന്‍ നോക്കാതെ മന്ത്രവാദികളുടെ അടുത്ത് കൊണ്ടു പോയി മന്ത്രവാദം ചെയ്തു. എന്നിട്ട് അവസാനം എന്റെ വീട്ടില്‍ കൊണ്ടുപോയി വിട്ടിട്ട് പോയി. എന്റെവീട്ടുകാര്‍ ആണ് എന്നെ രക്ഷിച്ചത്. കൃഷ്ണമ്മ കാരണമാണ് ഈ വിട്ടില്‍ എന്നും വഴക്കാണ്. നേരം വെളുത്താല്‍ ഇരുട്ടുന്നതുവരെ എന്നെയും മോളെയും പറ്റി വഴക്കാണ്. കൃഷ്ണമ്മ പറയുന്നത്, ‘നിന്നെയും നിന്റെ മോളെയും ഞാന്‍ കൊല്ലുമെന്നാണ്’.

കാരണം കൃഷ്ണമ്മയും എന്റെ ഭര്‍ത്താവും ശാന്തയും വഴക്ക്. ശാന്ത എന്റെ ഭര്‍ത്താവിനെ പറഞ്ഞു നിര്‍ബന്ധിച്ച് എന്റെ കൊച്ചിനെയും മന്ത്രവാദികള്‍ക്ക് കൊടുക്കാന്‍ ശ്രമിച്ചു. ഈ വീട്ടില്‍ രണ്ടുതവണ മന്ത്രവാദം നടത്തി. ശാന്ത, ചന്ദ്രനെക്കൊണ്ട് പെണ്ണു കെട്ടിക്കാന്‍ നോക്കി. മോള്‍ക്ക് 18 വയസ്. ശാന്തയ്ക്ക് എന്തിന്റെ സൂക്കേടാണെന്ന് എനിക്ക് അറിയില്ല.

ഞങ്ങളെ ജീവിക്കാന്‍ ഇവര്‍ അനുവദിക്കുകയില്ല. കടം തീര്‍ക്കാന്‍ വീടു വില്‍ക്കാന്‍ നിന്നപ്പോഴും അവിടെയും തടസ്സം നില്‍ക്കുന്നത് കൃഷ്ണമ്മയാണ്. അവരുടെ ആല്‍ത്തറ ഉണ്ട്. അവര്‍ നോക്കികൊള്ളും നീ ഒന്നും പേടിക്കേണ്ട, അവര്‍ വസിക്കുന്ന മണ്ണ് അവര്‍ നോക്കികൊള്ളും എന്ന് പറഞ്ഞ് മോനേ തെറ്റിക്കും.

നാട്ടുകാരുടെ കടം വാങ്ങിയത് ചന്ദ്രന്‍ അറിയാതെ ഞാന്‍ അഞ്ചു രൂപ നാട്ടുകാരുടെ കൈയില്‍നിന്നും വാങ്ങിയിട്ടില്ല. അയച്ച പൈസ, മകന് അറിയാം. ഞാന്‍ ബാങ്കിലും, നാട്ടുകാര്‍ക്ക് പലിശയും കൊടുത്തു. 22,000 രൂപയാണ് ശമ്പളം. രണ്ടു ലോണ്‍ പിന്നെ പലിശക്കാര്‍. ഞാന്‍ എന്ത് ചെയ്തുവെന്ന് എന്റെ ഭര്‍ത്താവിന് അറിയാം.

ഇപ്പോള്‍ ഒമ്പത് മാസമായി ഭര്‍ത്താവ് വന്നിട്ട്. അതിനുശേഷം ബാങ്കില്‍നിന്നും നോട്ടീസ് ഒട്ടിച്ചു. പത്രത്തില്‍ ഇട്ടു. എന്നിട്ടും എന്റെ ഭര്‍ത്താവ് ബാങ്കില്‍ ചെന്ന് അന്വേഷിക്കുകയോ ഒന്നും ചെയ്തില്ല. അയച്ച പേപ്പര്‍ കൊണ്ടുവന്ന് ആല്‍ത്തറയില്‍ വെച്ചു പൂജിക്കുന്നതാണ് അമ്മയും മോന്റെയും ജോലി. ഭാര്യ എന്ന ഒരു സ്ഥാനം എനിക്ക് ഇതുവരെ തന്നിട്ടില്ല.

മന്ത്രവാദി പറയുന്ന വാക്ക് കേട്ട് എന്നെ വന്ന് ഉപദ്രവിക്കുകയും ശകാരിക്കുകയും ഇറങ്ങിപ്പോകാന്‍ പറയുകയും അമ്മേടെ മുന്നില്‍ ആളാകാന്‍ എന്റെ ഭര്‍ത്താവ് എന്തും ചെയ്യും. എനിക്കോ എന്റെ കൊച്ചിനോ ആഹാരം കഴിക്കാന്‍ പോലും ഒരു അവകാശം ഇല്ല.

നാട്ടുകാര്‍ അറിയണം, എന്റെയും മകളുടെയും മരണകാരണം ഈ നാലുപേര്‍ക്കാണ്. കൃഷ്ണമ്മ, ശാന്ത, കാശി, ചന്ദ്രന്‍.

എന്ന്
ലേഖ
വൈഷ്ണവി