നിലമ്പൂർ രാധ വധക്കേസ്: രണ്ട് പ്രതികളും കുറ്റക്കാർ

നിലമ്പൂർ രാധ വധക്കേസിൽ ഒന്നും രണ്ടും പ്രതികൾ കുറ്റക്കാരാണെന്ന് കോടതി. ബിജു നായരും ഷംസുദീനുമാണ് കുറ്റക്കാർ. മഞ്ചേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. പ്രതികൾക്കുള്ള ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്നും കോടതി അറിയിച്ചു.
 | 
നിലമ്പൂർ രാധ വധക്കേസ്: രണ്ട് പ്രതികളും കുറ്റക്കാർ

 

മഞ്ചേരി:  നിലമ്പൂർ രാധ വധക്കേസിൽ ഒന്നും രണ്ടും പ്രതികൾ കുറ്റക്കാരാണെന്ന് കോടതി. ബി.കെ.ബിജു (38), കുന്നശേരി ഷംസുദ്ദീൻ (27) എന്നിവരാണ് കുറ്റക്കാർ. മഞ്ചേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. പ്രതികൾക്കുള്ള ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്നും കോടതി അറിയിച്ചു.

2014 ഫെബ്രുവരി അഞ്ചിനാണ് ചിറക്കൽ രാധ നിലമ്പൂർ കോൺഗ്രസ് ഓഫീസിൽ കൊല്ലപ്പെട്ടത്. കോൺഗ്രസ് ഓഫിസിലെ തൂപ്പു ജോലിക്കാരിയായിരുന്നു. കോൺഗ്രസ് ഭവനിലെ ഓഫിസ് സെക്രട്ടറിയായിരുന്നു ബിജു. ഇവർ തമ്മിലുള്ള സാമ്പത്തിക ഇടപാടും ബിജുവിന്റെ അവിഹിതബന്ധം പുറത്തറിയിക്കുമെന്ന രാധയുടെ ഭീഷണിയുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് കേസ്.

രാധയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കുളത്തിൽ നിന്നാണു കണ്ടെടുത്തത്. കോൺഗ്രസ് ഓഫിസിൽ വച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി കുളത്തിൽ തള്ളിയെന്നാണ് കേസ്. ബിജു ഒന്നാം പ്രതിയും ബിജുവിനെ സഹായിച്ച ഷംസുദ്ദീൻ രണ്ടാം പ്രതിയുമാണ്.

ഡിസംബർ അവസാനത്തോടെ കേസിന്റെ വിചാരണ പൂർത്തിയായിരുന്നു. ലോക്കൽ പോലീസ് അന്വേഷിച്ച കേസ് വിവാദമായതിനെ തുടർന്ന് എ.ഡി.ജി.പി ബി.സന്ധ്യയാണ് ഏറ്റെടുത്തത്. കോൺഗ്രസ് നിലമ്പൂർ ബ്ലോക്ക് ഓഫീസ് സെക്രട്ടറിയും വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദിന്റെ പേഴ്‌സനൽ സ്റ്റാഫ് അംഗവുമായിരുന്നു ബിജു.