പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സ്വതന്ത്രന്‍; ജോസ് ടോമിന് രണ്ടില നല്‍കിയില്ല

പാലായിലെ യുഡിഎഫ് സ്ഥാനാര്ത്ഥിക്ക് കേരള കോണ്ഗ്രസ് ചിഹ്നമായ രണ്ടില ലഭിച്ചില്ല.
 | 
പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സ്വതന്ത്രന്‍; ജോസ് ടോമിന് രണ്ടില നല്‍കിയില്ല

പാലാ: പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് കേരള കോണ്‍ഗ്രസ് ചിഹ്നമായ രണ്ടില ലഭിച്ചില്ല. ജോസ് ടോം സ്വതന്ത്രനായി മത്സരിക്കും. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നല്‍കിയ പത്രിക തള്ളി. പത്രികകളുടെ സൂക്ഷ്മപരിശോധനയിലാണ് നടപടി. ജോസ് ടോമിന് രണ്ടില നല്‍കില്ലെന്ന് പി.ജെ.ജോസഫ് വിഭാഗം നേരത്തേ വ്യക്തമാക്കിയിരുന്നു. ജോസഫ് വിഭാഗത്തിന്റെ വിമത സ്ഥാനാര്‍ത്ഥിയുടെ പത്രികയും അംഗീകരിച്ചിട്ടുണ്ട്.

ചിഹ്നം സംബന്ധിച്ച് പാര്‍ട്ടിയില്‍ പ്രതിസന്ധി നിലവിലുണ്ടായിരുന്നതിനാല്‍ ചിഹ്നം തനിക്ക് പ്രശ്‌നമല്ലെന്നായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം ജോസ് ടോം പ്രതികരിച്ചത്. സൂക്ഷ്മ പരിശോധനയില്‍ രണ്ടില ചിഹ്നം ജോസ് ടോമിന് നല്‍കരുതെന്ന് ജോസഫ് വിഭാഗം ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ കേരള കോണ്‍ഗ്രസിന്റെ പ്രധാന കേന്ദ്രമായ പാലായില്‍ പാര്‍ട്ടിക്ക് ആദ്യമായി ഔദ്യോഗിക ചിഹ്നമില്ലാതെ മത്സരിക്കേണ്ടി വന്നിരിക്കുകയാണ്.

വിമത സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുമെന്നാണ് ജോസഫ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഈ അസാധാരണ സാഹചര്യം യുഡിഎഫ് എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് പ്രധാനമായും ഉന്നയിക്കപ്പെടുന്ന ചോദ്യം. ഇന്ന് നടക്കുന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുതിര്‍ന്ന യുഡിഎഫ് നേതാക്കള്‍ എത്തുന്നുണ്ട്. കൂടുതല്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ ഇന്ന് തന്നെയുണ്ടാകുമെന്നാണ് സൂചന.