കൂടത്തായി കൂട്ടക്കൊലപാതകം; റീ പോസ്റ്റ്‌മോര്‍ട്ടത്തില്‍ സയനൈഡിന്റെ അംശം കണ്ടെത്താനായില്ല

കൂടത്തായി കൂട്ടക്കൊലപാതകത്തില് നടത്തിയ റീ പോസ്റ്റ്മോര്ട്ടത്തില് സയനൈഡിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് പോലീസ്.
 | 
കൂടത്തായി കൂട്ടക്കൊലപാതകം; റീ പോസ്റ്റ്‌മോര്‍ട്ടത്തില്‍ സയനൈഡിന്റെ അംശം കണ്ടെത്താനായില്ല

കൊച്ചി: കൂടത്തായി കൂട്ടക്കൊലപാതകത്തില്‍ നടത്തിയ റീ പോസ്റ്റ്‌മോര്‍ട്ടത്തില്‍ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് പോലീസ്. ഹൈക്കോടതിയിലാണ് പോലീസ് ഇക്കാര്യം അറിയിച്ചത്. പ്രതിയായ പ്രജികുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പോലീസ് ഈ വിവരം കോടതിയെ അറിയിച്ചത്. പ്രജി കുമാറിന് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടു.

മൃതദേഹങ്ങള്‍ സംസ്‌കരിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ സയനൈഡിന്റെ അംശം കണ്ടെത്തുക ബുദ്ധിമുട്ടാണ്. എന്നാല്‍ മുഖ്യപ്രതിയായ ജോളിയുടെ വീട്ടില്‍ നിന്ന് സയനൈഡ് കണ്ടെത്തിയിട്ടുണ്ടെന്നും ഇത് പ്രധാന തെളിവാണെന്നും അന്വേഷണസംഘം അറിയിച്ചു. ഇതിനിടെ ടോം തോമസിനെ കൊലപ്പെടുത്തിയ കേസില്‍ ജോളിയുടെ കസ്റ്റഡി കാലാവധി താമരശേരി കോടതി രണ്ട് ദിവസം കൂടി നീട്ടി.

കസ്റ്റഡി കാലാവധി അഞ്ച് ദിവസം നീട്ടി നല്‍കണമെന്നായിരുന്നു ഈ കേസ് അന്വഷിക്കുന്ന കുറ്റ്യാടി സി ഐ കോടതിയില്‍ ആവശ്യപ്പെട്ടത്. കസ്റ്റഡി ആവശ്യം തള്ളിയാല്‍ അന്നമ്മയെ കൊലപ്പെടുത്തിയ കേസില്‍ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്താനുള്ള അനുമതി തേടാനും പോലീസ് തയ്യാറെടുത്തിരുന്നു.