ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് ഹെല്‍മെറ്റ്; ഉടന്‍ പ്രാവര്‍ത്തികമാകില്ല

ആദ്യഘട്ടത്തില് ബോധവല്ക്കരണ പരിപാടികള് സംഘടിപ്പിക്കുമെന്നും അതിന് ശേഷമാകും നിയമം പ്രാബല്യത്തില് വരികയെന്നും ഗതാഗത വകുപ്പ് അറിയിച്ചു.
 | 
ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് ഹെല്‍മെറ്റ്; ഉടന്‍ പ്രാവര്‍ത്തികമാകില്ല

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മെറ്റും കാറിലെ പിന്‍സീറ്റിലെ യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കുന്ന നിയമം ഉടന്‍ പ്രാവര്‍ത്തികമാക്കില്ലെന്ന് ഗതാഗത വകുപ്പ്. ഉത്തരവ് ഉടന്‍ നടപ്പിലാക്കിയാല്‍ പ്രതിഷേധത്തിന കാരണമാകുമെന്ന് വ്യക്തമായതോടെയാണ് പുതിയ നീക്കമെന്നാണ് സൂചന. ആദ്യഘട്ടത്തില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അതിന് ശേഷമാകും നിയമം പ്രാബല്യത്തില്‍ വരികയെന്നും ഗതാഗത വകുപ്പ് അറിയിച്ചു.

ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മെറ്റും കാറിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത സെക്രട്ടറി കഴിഞ്ഞ ദിവസമാണ് ഗതാഗത കമ്മീഷണര്‍ക്ക് കത്തയച്ചത്. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു നിര്‍ദ്ദേശം. കേരളമൊഴികെയുള്ള മറ്റു സംസ്ഥാനങ്ങളില്‍ ഈ വിധി ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്നും സംസ്ഥാനത്ത് ഇത് കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്നും സെക്രട്ടറി കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

കോടതി നിര്‍ദേശം പാലിക്കാത്തവര്‍ക്ക് ഇന്‍ഷൂറന്‍സ് നല്‍കേണ്ടതില്ലെന്ന് നേരത്തെ കമ്പനികള്‍ തീരുമാനമെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഗതാഗത സെക്രട്ടറി ഗതാഗത കമ്മീഷണര്‍ക്ക് കത്തയച്ചത്. എന്നാല്‍ പദ്ധതി ധൃതിയില്‍ നടപ്പിലാക്കേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം. അടുത്തയാഴ്ച വിവിധ വകുപ്പുകളുടെ ആലോചനായോഗം നടത്തിയ ശേഷമാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം.