നഴ്‌സ് ലിനിയുടെ അമ്മക്കും പനി; രണ്ട് കുഞ്ഞുങ്ങളുള്ള കുടുംബം തീരാവേദനയില്‍

നിപ്പ വൈറസ് പനി കാരണം മരിച്ച ലിനിയുടെ അമ്മയ്ക്കും രോഗം ബാധിച്ചതായി റിപ്പോര്ട്ട്. എന്നാല് ലിനിയുടെ അമ്മയ്ക്ക് നിപ്പ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിട്ടില്ല. ഇന്ന് പുലര്ച്ചെയാണ് ലിനിയുടെ മൃതദേഹം വൈദ്യുതി ശ്മശാനത്തില് സംസ്കരിച്ചത്. വൈറസ് പടരാന് സാധ്യതയുള്ളതിനാല് അതീവ സുരക്ഷയോടെയായിരുന്നു സംസ്ക്കാരം. അടുത്ത ബന്ധുക്കളെ മാത്രം മൃതദേഹം കാണാന് അനുവദിച്ച ശേഷമായിരുന്നു ആരോഗ്യ വകുപ്പിന്റെ നേരിട്ടുള്ള മേല്നോട്ടത്തില് സംസ്ക്കാരം നടന്നത്.
 | 

നഴ്‌സ് ലിനിയുടെ അമ്മക്കും പനി; രണ്ട് കുഞ്ഞുങ്ങളുള്ള കുടുംബം തീരാവേദനയില്‍

കോഴിക്കോട്: നിപ്പ വൈറസ് പനി കാരണം മരിച്ച ലിനിയുടെ അമ്മയ്ക്കും രോഗം ബാധിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ ലിനിയുടെ അമ്മയ്ക്ക് നിപ്പ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിട്ടില്ല. ഇന്ന് പുലര്‍ച്ചെയാണ് ലിനിയുടെ മൃതദേഹം വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിച്ചത്. വൈറസ് പടരാന്‍ സാധ്യതയുള്ളതിനാല്‍ അതീവ സുരക്ഷയോടെയായിരുന്നു സംസ്‌ക്കാരം. അടുത്ത ബന്ധുക്കളെ മാത്രം മൃതദേഹം കാണാന്‍ അനുവദിച്ച ശേഷമായിരുന്നു ആരോഗ്യ വകുപ്പിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്‌ക്കാരം നടന്നത്.

ലിനിയുടെ മരണത്തോടെ അനാഥമായിരിക്കുകയാണ് രണ്ട് കുട്ടികളടങ്ങുന്ന കുടുംബം. ലിനിയുടെ ഭര്‍ത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്. ഭാര്യയുടെ അപ്രതീക്ഷത മരണത്തെ തുടര്‍ന്ന് നാട്ടിലേക്ക് എത്തിച്ചേരാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. വീട്ടില്‍ ലിനിയുമായി ഇടപഴകിയ സമയത്ത് കുട്ടികള്‍ക്കും മാതാവിനും വൈറസ് ബാധയേറ്റിരിക്കാമെന്ന് സംശയമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

മാരകമായ നിപ്പ വൈറസെന്ന് തിരിച്ചറിയുന്നതിന് മുമ്പ് രോഗിയെ പരിചരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്നു കോഴിക്കോട് ചെമ്പനോട സ്വദേശി ലിനി. സാബിത്ത് എന്ന രോഗിയില്‍ നിന്നാണ് വൈറസ് ബാധിച്ചത്. ഇയാള്‍ ആശുപത്രിയിലെത്തി ദിവസങ്ങള്‍ക്കകം മരണപ്പെട്ടിരുന്നു. പനി ബാധിച്ച ലിനിയുടെ അമ്മ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ചെമ്പനോട കൊറത്തിപ്പാറയിലെ പുതുശ്ശേരി നാണുവിന്റെയും രാധയുടേയും മൂന്ന് പെണ്‍മക്കളില്‍ രണ്ടാമത്തെയാളാണ് ലിനി. രണ്ട് കുഞ്ഞു മക്കളാണ് ലിനി-സജീഷ് ദമ്പതികള്‍ക്കുള്ളത്. അഞ്ച് വയസുള്ള റിഥുലും രണ്ട് വയസുകാരനായ സിദ്ധാര്‍ത്ഥും അമ്മയുടെ മരണം വിവരം അറിഞ്ഞിട്ടില്ല. ആശുപത്രി ജോലി കഴിഞ്ഞ് അമ്മ മടങ്ങി വരാന്‍ കാത്തിരിക്കുകയാണ് ഇരുവരും. ബെംഗളൂരു പവന്‍ സ്‌കൂള്‍ ഓഫ് നഴ്സിങ്ങില്‍ നിന്ന് ബി.എസ്.സി നേഴ്സിങും പൂര്‍ത്തിയാക്കിയ ലിനിക്ക് പഠന കാലത്ത് എടുത്തിരുന്ന ലോണ്‍ പോലും ഇതുവരെ തിരിച്ചടക്കാന്‍ കഴിഞ്ഞിട്ടില്ല. ലിനി പോയതോടെ അനാഥമായിരിക്കുകയാണ് ഈ കുടുംബം.