സംസ്ഥാനത്ത് ഉള്ളിവില കുറയുന്നു; മൊത്തവിലയില്‍ ഇന്നുണ്ടായത് വന്‍ കുറവ്

സംസ്ഥാനത്ത് ഉള്ളിവില കുറയുന്നു.
 | 
സംസ്ഥാനത്ത് ഉള്ളിവില കുറയുന്നു; മൊത്തവിലയില്‍ ഇന്നുണ്ടായത് വന്‍ കുറവ്

കൊച്ചി: സംസ്ഥാനത്ത് ഉള്ളിവില കുറയുന്നു. കിലോയ്ക്ക് 140 രൂപയായിരുന്ന മൊത്തവിലയില്‍ 40 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഉള്ളിവില 100 രൂപയായി കുറഞ്ഞു. വരും ദിവസങ്ങളില്‍ വില കുറയുമെന്നാണ് കണക്കുകൂട്ടല്‍. പൂനെയില്‍ നിന്ന് ഉള്ളിയുമായി കൂടുതല്‍ ലോറികള്‍ എത്തിത്തുടങ്ങിയതോടെയാണ് വില കുറഞ്ഞത്.

ഇതോടെ രണ്ട് ദിവസത്തിനുള്ളില്‍ ഉള്ളിവില കിലോയ്ക്ക് 60 രൂപയില്‍ എത്തുമെന്ന് വ്യാപാരികള്‍ കരുതുന്നു. ഉള്ളിവില ഉയര്‍ന്നത് വ്യാപാരത്തെ സാരമായി ബാധിച്ചിരുന്നു. ഹോട്ടല്‍ വ്യവസായവും പ്രതിസന്ധിയിലായിരുന്നു. ഇതേത്തുടര്‍ന്ന് വിഭവങ്ങള്‍ക്ക് താല്‍ക്കാലികമായി വില കൂട്ടുകയാണെന്ന് ഹോട്ടലുകളില്‍ അറിയിപ്പുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.

ഉള്ളിവില പിടിച്ചു നിര്‍ത്താന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടപടികള്‍ പ്രഖ്യാപിച്ചിരുന്നു. സബ്‌സിഡി നിരക്കിലുള്ള ഉള്ളി വില്‍പനയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഉള്ളി ഇറക്കുമതി ചെയ്യുമെന്ന് കേന്ദ്രവും അറിയിച്ചു. ഇറക്കുമതി ചെയ്യുന്ന ഉള്ളി കൂടി വിപണിയില്‍ എത്തുന്നതോടെ വില ഇനിയും കുറഞ്ഞേക്കും.