പത്മനാഭസ്വാമി ക്ഷേത്രം: അമിക്കസ് ക്യൂറിക്കെതിരെ രാജകുടുംബം സുപ്രീംകോടതിയിൽ

പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നടത്തിപ്പ് സംബന്ധിച്ച കേസിൽ അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യത്തിനെതിരെ തിരുവിതാംകൂർ രാജകുടുംബം സുപ്രീംകോടതിയിൽ. അമിക്കസ് ക്യൂറി രാജകുടുംബത്തെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ ശ്രമിക്കുന്നുവെന്നും രാജകുടുംബത്തെ മനഃപൂർവ്വം അപമാനിക്കാനാണ് ശ്രമിക്കുന്നതെന്നും ആരോപിച്ചാണ് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി ഉൾപ്പെടെ അഞ്ച് രാജകുടുംബാംഗങ്ങൾ കോടതിയെ സമീപിച്ചിരിക്കുന്നത്.
 | 

പത്മനാഭസ്വാമി ക്ഷേത്രം: അമിക്കസ് ക്യൂറിക്കെതിരെ രാജകുടുംബം സുപ്രീംകോടതിയിൽ
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നടത്തിപ്പ് സംബന്ധിച്ച കേസിൽ അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യത്തിനെതിരെ തിരുവിതാംകൂർ രാജകുടുംബം സുപ്രീംകോടതിയിൽ. അമിക്കസ് ക്യൂറി രാജകുടുംബത്തെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ ശ്രമിക്കുന്നുവെന്നും രാജകുടുംബത്തെ മനഃപൂർവ്വം അപമാനിക്കാനാണ് ശ്രമിക്കുന്നതെന്നും ആരോപിച്ചാണ് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി ഉൾപ്പെടെ അഞ്ച് രാജകുടുംബാംഗങ്ങൾ കോടതിയെ സമീപിച്ചിരിക്കുന്നത്.

രാജകുടുംബത്തെ ഒന്നടങ്കം ക്ഷേത്രകാര്യങ്ങളിൽ നിന്ന് മാറ്റിനിർത്താനാണ് അമിക്കസ് ക്യൂറി ശ്രമിക്കുന്നതെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ക്ഷേത്ര നടത്തിപ്പിനെ കുറിച്ചുള്ള റിപ്പോർട്ടിൽ അമിക്കസ് ക്യൂറി നടത്തുന്നതെന്നും ഏതെങ്കിലും ഒരാൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിന് എല്ലാവരെയും ഒന്നടങ്കം ആക്ഷേപിക്കുന്ന തരത്തിലുള്ള തീരുമാനങ്ങളും നിലപാടുകളുമാണ് ഗോപാൽ സുബ്രഹ്മണ്യത്തിന്റേതെന്ന് ഹർജിയിൽ പറയുന്നു. കേസിൽ കക്ഷിചേരാൻ രാജകുടുംബത്തെ അനുവദിക്കണമെന്നും രാജകുടുംബം സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

രാജകുടുംബം ക്ഷേത്രത്തിൽ നിന്നും സ്വർണം കടത്താൻ ശ്രമിക്കുന്നുണ്ടെന്നും സ്വർണം പൂശുന്ന യന്ത്രങ്ങൾ ക്ഷേത്രത്തിനുള്ളിൽ കണ്ടെത്തിയെന്നും മറ്റുമുള്ള ഗുരുതരമായ ആരോപണങ്ങളാണ് അമിക്കസ് ക്യൂറി രാജകുടുംബത്തിനെതിരെ ഉന്നയിച്ചിരുന്നത്. ക്ഷേത്രകാര്യങ്ങളിൽ രാജകുടുംബം അഭിപ്രായപ്രകടനം നടത്തുന്നത് ശരിയല്ലെന്നും അഭിപ്രായങ്ങൾ രേഖാമൂലം അറിയിക്കുകയാണ് വേണ്ടതെന്നും അമിക്കസ് ക്യൂറി കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. 11-ന് രാജകുടുംബാഗംങ്ങളുടെ അപേക്ഷ കോടതി പരിഗണിക്കും.